ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് തീരുമാനം. കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണം, മൊബൈൽ ഫോൺ ഹാജരാക്കണം, അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിങ്ങനെയാണ് ഉപാധികൾ.
കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ത്തിയ വാദം. ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് തെളിവില്ല എന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ അറിയിച്ചത്. അതിജീവിതയ്ക്ക് നേരെ ബലംപ്രയോഗിച്ചതും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും ഉള്‍പ്പടെയുള്ള അതിജീവിതയുടെ മൊഴിയിലെ വിവരങ്ങള്‍ ഗൗരവതരമാണ് എന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.
എംഎല്‍എ എന്ന നിലയില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തന്റെ ജീവനുപോലും ആപത്താണ് എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത അതിജീവിത ഹൈക്കോടതിയെ അറിയിച്ചത്. രണ്ടാം ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലിന് പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു.