അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി

Jul 7, 2023 - 23:36
 0
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാർമശത്തിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അയോഗ്യത തുടരും. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. അപകീർത്തിക്കേസിൽ സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതോടെ ഇനി സുപ്രീം കോടതിയെ സമീപിക്കുകയെന്നതാണ് രാഹുലിന് മുന്നിലുള്ള പോംവഴി. ഗുജറാത്ത് ഹൈക്കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും വീണ്ടും ഉയര്‍ന്നിട്ടുണ്ട്‌.

‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സൂറത്ത് സെഷൻസ് കോടതി തള്ളിയത്. അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നായിരുന്നു സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കിയിരുന്നത്.

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരുകയായിരുന്നു. ശിക്ഷാ വിധിക്കെതിരെ രാഹുൽ നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നൽകിയിരുന്നു.

 

മാർച്ച് 23നായിരുന്നു മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചത്. 24ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കി. 27ന് എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതി ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഏപ്രിൽ 3നാണ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്

.

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow