സാങ്കേതിക സർവകലാശാല വിസിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ഗവർണർ
ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം വാങ്ങാനും തൃപ്തികരമല്ലെങ്കിൽ രാജ്ഭവനെ അറിയിക്കാനും ചാൻസലർ വിസിക്ക് നിർദേശം നൽകി
സാങ്കേതിക സർവകലാശാല വി സിയോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഇവരിൽനിന്ന് വിശദീകരണം വാങ്ങാനും വിശദീകരണം തൃപ്തികരമല്ലെങ്കിൽ രാജ്ഭവനെ അറിയിക്കാനും ചാൻസലർ വി സിക്ക് നിർദേശം നൽകി.
ഇന്നലെ വി സി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിശദീകരണം ചോദിക്കാൻ ആവശ്യപ്പെട്ടത്. രജിസ്ട്രാർ അടക്കമുള്ളവർ സഹകരിക്കുന്നില്ലെന്ന് വി.സി ചാൻസലറെ അറിയിച്ചു. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാമെന്നാണ് ഗവർണർ വി സിയെ അറിയിച്ചത്. അതേസമയം പ്രതിഷേധം ഭയന്ന് വി സി സിസ തോമസ് ഇന്നലെയും സർവകലാശാലയിൽ എത്തിയില്ല.
അതേസമയം, കെടിയു താത്കാലിക വി സി നിയമനത്തിൽ ഗവർണറെ എതിർ കക്ഷിയാക്കി സർക്കാർ ഹർജി നൽകിയിട്ടുണ്ട്. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയിരിക്കുന്നത്. ഗവർണർ വി സിയുടെ ചുമതല നൽകിയ ഡോ. സിസ തോമസ് പ്രതിഷേധത്തിനിടെ സാങ്കേതിക സർവകലാശാലയിലെത്തി ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റിരുന്നു.
What's Your Reaction?