ഇമ്മാനുവൽ മക്രോ ഫ്രഞ്ച് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

എതിരാളിയായ മറീൻ ലെ പെനിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതോടെ ഇമ്മാനുവൽ മക്രോ ഫ്രഞ്ച് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് മക്രോ വിജയിച്ചത്. യൂറോപ്പിൽ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുന്നതിനിടെയാണ് ലിബറലിസ്റ്റ് പാര്‍ട്ടി നേതാവായ മക്രോ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം.
രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോഴേയ്ക്കും മക്രോ 58 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. ലെ പെന്നിന് 42 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായതെന്നും ഫ്രഞ്ച് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ഫ്രഞ്ച് പ്രസിഡൻ്റ് രണ്ടാം തവണയും അധികാരത്തിൽ തുടരുന്നത്. എന്നാൽ ലെ പെന്നിൻ്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയും ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടുവിഹിതമാണ് രേഖപ്പെടുത്തിയത്.
അതേസമയം, ജൂൺ മാസത്തിൽ നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ വിജയം മക്രോയ്ക്ക് നിര്‍ണആയകമാണ്. അദ്ദേഹത്തിൻ്റെ വിജയം തിങ്കളാഴ്ച ഔദ്യോഗികമായി സര്‍ക്കാര്‍ ഏജൻസികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
വരുന്ന അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം പോലെയാകില്ലെന്നും ഫ്രാൻസിൻ്റെ ഭരണരംഗത്ത് നവീനമായ രീതികള്‍ കൊണ്ടുവരുമെന്നും മക്രോ പറഞ്ഞു. തനിക്കെതിരെയുള്ള ദേഷ്യത്തിൽ തീവ്ര വലതുപക്ഷ പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്തവര്‍ക്ക് മറുപടി നൽകേണ്ടതുണ്ടെന്നും ഇതിനാൽ ഭരണരംഗത്ത് മാറ്റങ്ങളുണ്ടാകുമെന്നും മക്രോ വ്യക്തമാക്കുകയായിരുന്നു. സെൻട്രൽ പാരീസിൽ ഈഫൽ ടവറിനു സമീപം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെയുള്ള ദേഷ്യത്തിൻ്റെ ഫലമായി തീവ്ര വലതുപക്ഷ പാര്‍ട്ടിയ്ക്ക് ആളുകള്‍ വോട്ട് ചെയ്തത് എന്തുകൊണ്ടാണെന്നതിൻ്റെ ഉത്തരം കണ്ടെത്തണമെന്നും അത് തന്‍റെയും തന്നെ പിന്തുണയ്ക്കുന്നവരുടെയും ആവശ്യമാണെന്നായിരുന്നു മക്രോ പറഞ്ഞത്. മക്രോ വിജയം ഉറപ്പിച്ചതിനു പിന്നാലെ ആയിരക്കണക്കിനു പേരായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്ത പൊതുയോഗത്തിൽ പങ്കെടുത്തത്.
അതേസമയം, പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാനില്ലെന്നാണ് ലെ പെന്നിൻ്റെ പ്രതികരണം. ഫ്രാൻസിനെ ഉപേക്ഷിക്കില്ലന്നും ജൂണിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് വിജയത്തിനു തുല്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മക്രോയ്ക്കെതിരെ എല്ലാവരും നാഷണൽ റാലി പാര്‍ട്ടിയിൽ അണിനിരക്കണമെന്നും അവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
2017ൽ നടന്ന തെരഞ്ഞെടുപ്പിലും മക്രോയും ലെ പെന്നും തന്നെയായിരുന്നു പ്രസിഡൻ്റ് സ്ഥാനത്തിനു വേണ്ടി ഏറ്റുമുട്ടിയത്. എന്നാൽ അന്ന് മക്രോ 66 ശതമാനത്തോളം വോട്ടുവിഹിതം നേടിയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം കുത്തനെ ഉയര്‍ത്താൻ കഴിഞ്ഞതിൻ്റെ ആത്മവിശ്വാസത്തിലാണ് ലെ പെൻ. ഇത് മൂന്നാം തവണയാണ് ലെ പെൻ ഫ്രഞ്ച് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്.
What's Your Reaction?






