ബലൂചിസ്താനിൽ അക്രമികൾ 23 ബസ് യാത്രക്കാരെ വെടിവെച്ച് കൊന്നു
പാക്കിസ്താനിലെ ബലൂചിസ്ഥാനിലെ മുസാഖേൽ ജില്ലയിൽ അക്രമികൾ 23 ബസ് യാത്രക്കാരെ വെടിവെച്ച് കൊന്നു. ബസുകളിൽ നിന്ന് ഇറക്കി അവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് അക്രമികൾ യാത്രക്കാരെ തോക്കിനിരയാക്കിയത്. നിരോധിത തീവ്രവാദി സംഘമാണ് അക്രമത്തിനു പിന്നിലെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അയൂബ് ഖോസോ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും തെക്കൻ പഞ്ചാബിൽ നിന്നുള്ളവരാണ്. ചിലർ ഖൈബർ പഖ്തൂൺഖ്വയിൽ നിന്നുള്ളവരാണ്. വംശീയ വിദ്വേഷമാണ് കൊലക്കു പിന്നിലെന്ന് സംശയിക്കുന്നതായി അയൂബ് ഖോസോ പറഞ്ഞു. തിങ്കളാഴ്ച ബലൂചിസ്താനിലെ മുസാഖേൽ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത് . രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികൾ ഹൈവേയിൽ 12ഓളം വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?