കൊച്ചി മെട്രോയുടെ മഹാരാജാസ് കോളജ് മുതൽ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് സ്മാർട് സിറ്റിയിലേക്കുള്ള മെട്രോ രണ്ടാംഘട്ട വികസനത്തിനു ഉടൻ അനുമതി

Sep 4, 2019 - 15:28
 0
കൊച്ചി മെട്രോയുടെ മഹാരാജാസ് കോളജ് മുതൽ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം
കൊച്ചി മെട്രോയുടെ മഹാരാജാസ് കോളജ് മുതൽ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്നു കാക്കനാട് സ്മാർട് സിറ്റിയിലേക്കുള്ള മെട്രോ രണ്ടാംഘട്ട വികസനത്തിനു ഉടൻ അനുമതി നൽകുമെന്നു കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചു. കൊച്ചിയിൽ വാട്ടർ മെട്രോ അടുത്തവർഷം യാഥാർഥ്യമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി. കൊച്ചി മെട്രോയുടെ മഹാരാജാസ് – തൈക്കൂടം ലൈൻ ഉദ്ഘാടന ചടങ്ങിലാണ് കൊച്ചിയുടെ കുതിച്ചു ചാട്ടത്തിനു പ്രതീക്ഷയേകുന്ന രണ്ടു പ്രഖ്യാപനങ്ങളും.

കടവന്ത്ര സ്റ്റേഷനു സമീപം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങ്. കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കിയ മെട്രോമാൻ ഇ. ശ്രീധരന്റെ പേരു പറഞ്ഞപ്പോൾ കാണികൾ വൻ കരഘോഷത്തോടെ നന്ദി അറിയിച്ചു. പുതിയ ലൈൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി അധ്യക്ഷനായി.

മന്ത്രി എ. കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, കേന്ദ്ര നഗര വികസന സെക്രട്ടറിയും കെഎംആർഎൽ ചെയർമാനുമായ ദുർഗാ ശങ്കർ മിശ്ര, ഹൈബി ഇൗഡൻ എംപി, എംഎൽഎ മാരായ പി.ടി. തോമസ്, എം. സ്വരാജ്, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ, കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടർ എസ്. സുഹാസ്, ജർമൻ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് ഡോ. ജാസ്പർ വിക്, ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ കാതറിൻ സ്വാഡ് എന്നിവർ പ്രസംഗിച്ചു.

പുതിയ പാത തുറന്ന് മുഖ്യമന്ത്രി നാട മുറിച്ച മഹാരാജാസ് സ്റ്റേഷനിൽ നിന്നു മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കുമൊപ്പം വിശിഷ്ടാതിഥികൾ ആദ്യ യാത്രക്കാരായി കടവന്ത്ര സ്റ്റേഷനിൽ വന്നിറങ്ങി. നിപ പ്രതിരോധത്തിൽ ലോകത്തിനു തന്നെ മാതൃകയായ കേരളത്തിലെ നഴ്സുമാർക്കു വേണ്ടി സമർപ്പിച്ച ഉദ്ഘാടന യാത്രയിൽ മന്ത്രി കെ.കെ. ശൈലജയ്ക്കൊപ്പം 300 നഴ്സുമാർ പങ്കാളികളായി. വൃദ്ധ സദനങ്ങളിലെ അന്തേവാസികൾക്കു വേണ്ടിയും സർവീസ് നടത്തി.

മെട്രോയുടെ പുതിയ പാത വന്നതോടെ ആലുവ മുതൽ തൈക്കൂടം വരെ (23.65 കിലോമീറ്റർ) ഗതാഗത കുരുക്കില്ലാത്ത യാത്രാ മാർഗം തുറന്നു. ആലുവയിൽ നിന്നു മഹാരാജാസ് കോളജ് സ്റ്റേഷൻ വരെ 18 കിലോമീറ്റർ സർവീസ് നടത്തിയിരുന്ന മെട്രോ ഇന്നു മുതൽ 5.65 കിലോമീറ്റർ കൂടി ഓടും. കേരളത്തിലെ ഏറ്റവും തിരക്കേറിയ വൈറ്റില ജംക്‌ഷനെ കുറുകെ കടന്നു പോകുന്ന മെട്രോ ഇൗ ഭാഗത്തെ ഗതാഗതക്കുരുക്കിനു വലിയ ആശ്വാസമാകും.

വൈറ്റില മൊബിലിറ്റി ഹബ്, സൗത്ത്– നോർത്ത് റെയിൽവേ സ്റ്റേഷനുകളെ കോർത്തിണക്കുന്നു മെട്രോ. മെട്രോയുടെ തൈക്കൂടം സർവീസ് ഇന്നു രാവിലെ ആരംഭിക്കും. രാവിലെ 6നു തൈക്കൂടം സ്റ്റേഷനിൽ നിന്നും ആലുവയിൽ നിന്നും ആദ്യ സർവീസ് തുടങ്ങും. അവസാന സർവീസ് രാത്രി 10ന് ഇൗ രണ്ടു സ്റ്റേഷനുകളിൽ നിന്നും പുറപ്പെടും. തൈക്കൂടത്തു നിന്ന് ആലുവ വരെ 53 മിനിറ്റാണ് ഇപ്പോൾ യാത്രാസമയം. ഒരു മാസത്തിനു ശേഷം ഇത് 43 മിനിറ്റാവും.

ടിക്കറ്റ് ചാർജ് 60 രൂപ. ഇൗ മാസം 18 വരെ മെട്രോ യാത്രാ നിരക്കിൽ 50 % ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. 25 വരെ പാർക്കിങ് സൗജന്യം. തൈക്കൂടത്തു നിന്നു പേട്ട വരെയുള്ള രണ്ടാം ഘട്ട ലൈൻ അടുത്തവർഷം ജനുവരിയിൽ പൂർത്തിയാക്കുമെന്നു കെഎംആർഎൽ അറിയിച്ചു. പേട്ട – എസ്എൻ ജംക്‌ഷൻ നിർമാണ ഉദ്ഘാടനവും വാട്ടർ മെട്രോയുടെ വൈറ്റില ടെർമിനൽ നിർമാണവും മുഖ്യമന്ത്രി നിർവഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow