എയർ സുവിധ റജിസ്ട്രേഷൻ ഒഴിവാക്കി; വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആശ്വാസം
രാജ്യത്തേക്ക് എത്തുന്ന വിമാന യാത്രക്കാർക്കുള്ള എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കി. കോവിഡ് മാനദണ്ഡ പ്രകാരമാണ് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ എയർ സുവിധ ഫോം പൂരിപ്പിച്ചു നൽകേണ്ടിയിരുന്നത്
രാജ്യത്തേക്ക് എത്തുന്ന വിമാന യാത്രക്കാർക്കുള്ള എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കി. കോവിഡ് മാനദണ്ഡ പ്രകാരമാണ് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ എയർ സുവിധ ഫോം പൂരിപ്പിച്ചു നൽകേണ്ടിയിരുന്നത്. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കിയതെന്നാണ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. എയർ സുവിധ രജിസട്രേഷൻ ഒഴിവാക്കിയത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
എയർ സുവിധ രജിസ്ട്രേഷൻ പിൻവലിച്ചത് പ്രവാസി യാത്രക്കാർക്ക് വലിയ ആശ്വാസമായി മാറി. വാക്സിനെടുക്കാത്തവർ പി.സി.ആർ ഫലവും സുവിധയിൽ നൽകണമെന്ന നിബന്ധനയുണ്ടായിരുന്നു. പലപ്പോഴും രേഖകൾ സമർപ്പിച്ചാലും അപ്രൂവൽ ലഭിക്കാത്തത് യാത്രക്കാരെ കുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രജിസ്ട്രേഷൻ ഒഴിവാക്കിയത് ആശ്വാസകരമാകുന്നത്.
കോവിഡ് വ്യാപനം ശക്തമായതോടെയാണ് വിദേശത്തുനിന്ന് വരുന്ന യാത്രക്കാർക്കായി എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. കേസുകൾ കുറഞ്ഞെങ്കിലും എയർ സുവിധ രജിസ്ട്രേഷൻ സർക്കാർ പിൻവലിച്ചിരുന്നില്ല. എന്നാൽ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന വിദഗ്ദ്ധരുടെ ഉപദേശം കണക്കിലെടുത്താണ് കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ ആഴ്ച വിമാനത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ വിമാനത്താവളത്തിൽ യാത്രക്കാർ ശാരീരിക അകലം പാലിക്കണമെന്നും താപ പരിശോധന നടത്തണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു. രോഗലക്ഷണം കണ്ടാൽ ഉടനെ മാറ്റിനിർത്തി വിദഗ്ധ പരിശോധന നടത്തും. യാത്രക്കാർ ആരോഗ്യസ്ഥിതി സ്വയം പരിശോധിക്കണം. രോഗ സംശയമുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലോ ദേശീയ ഹെൽപ് ലൈൻ നമ്പറായ 1075ലോ സംസ്ഥാന ഹെൽപ് ലൈൻ നമ്പറിലോ അറിയിക്കണമെന്നും വ്യോമയാനമന്ത്രാലയത്തിന്‍റെ മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു.
What's Your Reaction?