ആയിരത്തോളം തടവുകാര്‍ പാര്‍ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു. ജയിലിനകത്തേക്ക് കിലോക്കണക്കിന് കഞ്ചാവെത്തിയത് വന്‍ സുരക്ഷാ വീഴ്ച ആയിട്ടാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നത്. സംഭവത്തെ കുറിച്ചു ജയില്‍ ഡിജിപി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ജയിലിലെ താത്ക്കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്. ജയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില താത്ക്കാലിക ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലിക ജീവനക്കാരെ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചത്. ഇവര്‍ നടത്തിയ ഫോണ്‍കോളുകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ജയിലില്‍ പച്ചക്കറിയെത്തിച്ച ഗുഡ്സ് ഓട്ടോറിക്ഷയില്‍ മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. സാധാരണ ഗതിയില്‍ സെക്യൂരിറ്റി പരിശോധനയ്ക്കു ശേഷം മാത്രമേ ജയിലിനകത്തേക്ക് സാധനങ്ങള്‍ കടത്തിവിടുകയുള്ളൂ.
എന്നാല്‍, ഇവരുടെ കണ്ണുവെട്ടിച്ച് ജയിലിനികത്തേക്ക് കഞ്ചാവ് എങ്ങനെയാണ് എത്തിയതെന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. പച്ചക്കറി കൊണ്ടു വന്ന ഗുഡ്സ് ഓട്ടോറിക്ഷയില്‍ കഞ്ചാവെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ജയിലില്‍ കഞ്ചാവെത്തിച്ച പച്ചക്കറി വണ്ടി കാസര്‍കോട് ജില്ലയിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
കനത്ത സുരക്ഷയുണ്ടായിട്ടും ഇപ്പോഴും മതിലിന്റെ മുകളിലൂടെയാണ് ജയിലിനകത്തേക്ക് കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവ് എത്തിക്കേണ്ടതിന്റെ ദിവസത്തിന്റെ തലേദിവസം രാത്രി സമയവും സ്ഥലവും വിതരണക്കാരന് വാട്സ് ആപ്പ് വഴി മെസേജ് അയക്കുകയോ വിളിച്ചു പറയുകയോ ചെയ്യും. ഇതുപ്രകാരമാണ് വിതരണക്കാരന്‍ എത്തുന്നത്. ആളുകളുടെ ശ്രദ്ധ അധികം പതിയാത്ത സ്ഥലത്തെത്തി കൈയ്യില്‍ കരുതിയ പൊതി മതില്‍ വഴി എറിയും. ജയില്‍ കോംപൗണ്ടില്‍ ചെന്നു വീഴുന്ന പൊതി സമയവും സന്ദര്‍ഭവും നോക്കി തടവുകാര്‍ പോയി എടുക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ വഴിയെത്തുന്ന കഞ്ചാവും ഫോണുകളും നിരവധി തവണ ജയില്‍ ജീവനക്കാര്‍ തന്നെ പിടികൂടുകയും ചെയ്തിരുന്നു.