തമിഴ്നാട്ടിൽ ആർഎസ്എസ് () റൂട്ട് മാർച്ച് നടത്തേണ്ടെന്ന് കോടതി. ഓക്ടോബർ 2ന് നടത്താനിരുന്ന മാർച്ചാണ് കോടതി (Court) തടഞ്ഞത്. കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ റൂട്ട് മാർച്ചിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട് ശരിവെച്ചിരിക്കുന്നത്. പിഎഫ്ഐ നിരോധനത്തെ തുടർന്ന് വർഗീയ സംഘർഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതെന്നാണ് സർക്കാർ കോടതിയെ അറിയച്ചത്.
ഒക്ടോബർ രണ്ടിന് പകരം നവംബർ ആറിന് മാർച്ച് നടത്താമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ കേരളം അനുമതി നല്‍കിയെന്ന് ആർഎസ്എസ് കോടതിയിൽ വാദിച്ചു. എന്നാൽ ഈ ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. ഗാന്ധിജിയുടെ ജന്മദിനമാണ് ആഘോഷിക്കുന്നതെന്ന് ആര്‍എസ്എസ് അഭിഭാഷകൻ വാദിച്ചെങ്കിലും ഗോഡ്സെയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഗാന്ധിജയന്തി ആഘോഷിക്കാൻ എന്തവകാശമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ചോദിച്ചു.
സംസ്ഥാനത്താകെ ആർഎസ്എസ് റൂട്ട് മാർച്ചിന് തമിഴ‍്നാട് സർക്കാർ അനുമതി നിഷേധിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. റൂട്ട് മാർച്ച് നടത്താൻ അനുമതി കൊടുക്കണമെന്ന കോടതി വിധി നിലനിൽക്കെയായിരുന്നു സർക്കാർ റൂട്ട്മാർച്ച് നിഷേധിച്ചത്. നേരത്തേ തിരുവള്ളൂർ ജില്ലയിലെ റൂട്ട് മാർച്ചിന് ജില്ലാ പൊലീസ് മേധാവി അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ, തമിഴ‍്‍നാട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ആർഎസ്എസ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനമാകെ മാർച്ചിന് നിരോധനം ഏർപ്പെടുത്തിയത്.