കോൺഗ്രസ് ഇടക്കാല പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള നിർണായക പ്രവർത്തക സമിതി യോഗം ഇന്ന്

കോൺഗ്രസ് ഇടക്കാല പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള നിർണായക പ്രവർത്തക സമിതി യോഗം ഇന്ന് 11നു പാർട്ടി ആസ്ഥാനത്തു ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ

Aug 10, 2019 - 13:29
 0
കോൺഗ്രസ് ഇടക്കാല പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള നിർണായക പ്രവർത്തക സമിതി യോഗം ഇന്ന്

കോൺഗ്രസ് ഇടക്കാല പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള നിർണായക പ്രവർത്തക സമിതി യോഗം ഇന്ന് 11നു പാർട്ടി ആസ്ഥാനത്തു ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നുള്ള നേതൃപ്രതിസന്ധി പരിഹരിക്കുകയാണു ലക്ഷ്യം. സ്ഥിരം പ്രസിഡന്റിനെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുംവരെയാകും ഇടക്കാല പ്രസിഡന്റിനെ നിയമിക്കുക. നിയമനത്തിന് അംഗീകാരം നൽകാൻ പിന്നീട് എഐസിസി സമ്മേളനം ചേരും.

ഇടക്കാല പ്രസിഡന്റിനെ സംബന്ധിച്ചു ധാരണയായിട്ടില്ലെങ്കിലും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനു നറുക്കു വീണേക്കുമെന്ന അഭ്യൂഹം ശക്തമാണ്. സോണിയ ഗാന്ധിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ മുതിർന്ന നേതാക്കൾ വാസ്നിക്കിന്റെ പേരു നിർദേശിച്ചതായാണു സൂചന. മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയുടെ പേരും ചർച്ചയായി. ഇരുവരും ദലിത് വിഭാഗക്കാരാണ്. നേതൃനിരയിലെ യുവാക്കൾക്കും മുതിർന്നവർക്കും ഇടയിൽ പൊതുസ്വീകാര്യനാണ് വാസ്നിക്. സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, സുശീൽ കുമാർ ഷിൻഡെ എന്നിവരും പരിഗണനയിലുണ്ട്.

ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ സർവശക്തിയുമെടുത്ത് എതിർക്കുകയാണു കോൺഗ്രസ് നയമെന്നും അതിനോടു യോജിപ്പില്ലാത്തവർക്കു പാർട്ടിക്കു പുറത്തുപോകണമെങ്കിൽ അങ്ങനെയാകാമെന്നും രാഹുൽ ഗാന്ധി. വിഷയം ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന പാർട്ടി യോഗത്തിലാണു രാഹുൽ കടുത്ത സ്വരത്തിൽ നിലപാടു വ്യക്തമാക്കിയത്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള ഏതാനും നേതാക്കൾ കേന്ദ്ര സർക്കാരിനെ പിന്തുണച്ചതിന്റെ പശ്ചാത്തലത്തിലാണു രാഹുലിന്റെ പ്രതികരണം. എതിരഭിപ്രായമുള്ളവർക്കു പാർട്ടിയിൽ തുടരണമെങ്കിൽ തുടരാം, വിട്ടുപോകേണ്ടവർക്കു പോകാം. ആരും തടയില്ല. ആർഎസ്എസിന്റെ അജൻഡയാണു കശ്മീരിൽ സർക്കാർ നടപ്പാക്കുന്നത്. രാഹുൽ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow