മഴക്കെടുതി-‘പെറ്റിക്കൊയ്ത്തു’മായി റെയിൽവേ, പ്രതിഷേധവുമായി യാത്രക്കാർ

തിരക്കു വർധിച്ചതോടെ ആർപിഎഫും പൊലീസും ചില ടിടിഇമാരും ഇടപെട്ട് യാത്രക്കാരെ സ്ലീപ്പർ - എസി കോച്ചുകളിൽ ഉൾപ്പെടെ കയറ്റി അയയ്ക്കുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു. ഇത്തരത്തിൽ എസി കോച്ചിന്റെ വാതിലിനു സമീപവും മറ്റും നിന്ന്

Aug 10, 2019 - 13:36
 0
മഴക്കെടുതി-‘പെറ്റിക്കൊയ്ത്തു’മായി റെയിൽവേ, പ്രതിഷേധവുമായി യാത്രക്കാർ

വെള്ളപ്പൊക്കത്തെത്തുടർന്ന് സംസ്ഥാനത്ത് ഉടനീളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനിടെ പെരുവഴിയിലായ യാത്രക്കാർക്ക് പെറ്റിയടിച്ച് റെയിൽവേയുടെ ഇരുട്ടടി. 22647 കോർബ – തിരുവനന്തപുരം എക്സ്പ്രസിലാണ് ടിടിഇ മാർ ‘പെറ്റിക്കൊയ്ത്ത്’ നടത്തിയതെന്നാണ് യാത്രക്കാരുടെ പരാതി. ഇതേത്തുടർന്ന് ട്രെയിനിനുള്ളിൽ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി.

ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ പല ട്രെയിനുകളും വഴിയിൽ യാത്ര അവസാനിപ്പിച്ചതോടെയാണ് വഴിയിൽ കുടുങ്ങിയ യാത്രക്കാരെ തിരിച്ചെത്തിക്കാൻ റയിൽവേ സംവിധാനം ഒരുക്കിയത്. ഇതേതുടർന്ന് കോർബ എക്സ്പ്രസ് എറണാകുളത്തിനും തിരുവനന്തപുരത്തിന്നും ഇടയിൽ പാസഞ്ചറായി സർവീസ് നടത്തുമെന്ന് സ്റ്റേഷനുകളിൽ അറിയിപ്പ് ഉണ്ടായിരുന്നതായി യാത്രക്കാർ പറയുന്നു. ഏറെനേരം സർവീസ് മുടങ്ങിയ പാതയിൽ എത്തിയ കോർബ എക്സ്പ്രസിൽ രണ്ട് ലോക്കൽ കോച്ചുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

തിരക്കു വർധിച്ചതോടെ ആർപിഎഫും പൊലീസും ചില ടിടിഇമാരും ഇടപെട്ട് യാത്രക്കാരെ സ്ലീപ്പർ - എസി കോച്ചുകളിൽ ഉൾപ്പെടെ കയറ്റി അയയ്ക്കുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു. ഇത്തരത്തിൽ എസി കോച്ചിന്റെ വാതിലിനു സമീപവും മറ്റും നിന്ന് യാത്ര ചെയ്ത സ്ലീപ്പർ ടിക്കറ്റ് എടുത്ത സ്ത്രീകൾ ഉൾപ്പെടെയുളള യാത്രക്കാരോടാണ് കൊല്ലത്തിനു സമീപം മറ്റൊരു ടിടിഇ എത്തി ബഹളം വച്ചതും പിഴ ഈടാക്കിയതും. ഇവർ ആരും തന്നെ എസി കോച്ചിലെ സീറ്റ് ഉപയോഗിച്ചിരുന്നുമില്ല.

പ്രളയഭീതിയിൽ ഏങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്താൻ ശ്രമിച്ചവരെ റയിൽവേ ഉദ്യോഗസ്ഥർ തന്നെ റിസർവ് കോച്ചുകളിൽ കയറ്റി വിട്ട ശേഷം പിഴ ഈടാക്കിയത് നീതീകരിക്കാനാവില്ലെന്നും അധികാരികൾ മറുപടി പറയണമെന്നും യാത്രക്കാരുടെ ഔദ്യോഗിക സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ്(എഫ്ഒആർ) ആവശ്യപ്പെട്ടു.

യാത്രക്കാർക്ക് സഹായമൊരുക്കാൻ എന്ന പേരിൽ പാസഞ്ചർ ട്രെയിനാണെന്ന് പ്രഖ്യാപിച്ച ശേഷമാണ് ഉദ്യോഗസ്ഥരുടെ നടപടി എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി എഫ്ഒആർ സെക്രട്ടറി ലിയോൺസ് പറഞ്ഞു. ഇതേസമയം എസി കോച്ചിലെ റിസർവേഷൻ യാത്രക്കാർ പോലും മറ്റുള്ളവർക്കു കൂടി യാത്രാ സൗകര്യം നൽകണം എന്ന നിലപാടിലായിരുന്നെന്നാണ് വിവരം.

കഴിഞ്ഞ പ്രളയകാലത്ത് പാസഞ്ചർ റേക്ക് എത്തിച്ച് എല്ലാ സ്‌റ്റേഷനുകളിലും നിർത്തി എക്സ്പ്രസ് ടിക്കറ്റ് നൽകി യാത്രക്കാരെ പിഴിഞ്ഞതായി ആരോപണമുയർന്നിരുന്നു. മഴയെത്തുടർന്ന് മരം വീണ് ഇലക്ട്രിക് ലൈനിൽ കേടുപാട് സംഭവിച്ചതോടെ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം രാവിലെ തന്നെ പൂർണ്ണമായും റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ കോട്ടയം റൂട്ടിലും ഗതാഗതം നിയന്ത്രിക്കേണ്ടി വന്നതോടെ ദീർഘദൂര ട്രെയിനുകൾ വഴിയിൽ യാത്ര അവസാനിപ്പിച്ചു മടങ്ങി. ഈ സാഹചര്യത്തിലും പിഴ ഈടാക്കാൻ തുനിഞ്ഞ റെയിൽവേയുടെ നടപടിയിലാണ് പ്രതിഷേധം.

What's Your Reaction?

like

dislike

love

funny

angry

sad

wow