മിന്നലേറ്റാൽ തലക്കുള്ളിലെ ചിപ്പ് ജീവനെടുക്കും, ഒന്നും പറയാതെ മസ്ക്
70 വർഷം മുൻപ് സ്വർണപ്പല്ലുമായി നടന്നിരുന്ന കൊച്ചുമുതലാളിമാരെ ഇന്നു കാണാനില്ല. പല്ല് ഒറിജിനൽ തന്നെയാണ് നല്ലത് എന്നു പുരോഗതിയിലൂടെ നമ്മൾ മനസ്സിലാക്കി. സാങ്കേതിക വിപ്ലവം വിവിധ ചിപ്പുകളുടെ രൂപത്തിൽ സ്വർണപ്പല്ലുകൾ പോലെ മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിച്ച് വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന കാലമാണ്
70 വർഷം മുൻപ് സ്വർണപ്പല്ലുമായി നടന്നിരുന്ന കൊച്ചുമുതലാളിമാരെ ഇന്നു കാണാനില്ല. പല്ല് ഒറിജിനൽ തന്നെയാണ് നല്ലത് എന്നു പുരോഗതിയിലൂടെ നമ്മൾ മനസ്സിലാക്കി. സാങ്കേതിക വിപ്ലവം വിവിധ ചിപ്പുകളുടെ രൂപത്തിൽ സ്വർണപ്പല്ലുകൾ പോലെ മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിച്ച് വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന കാലമാണ്. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പടർന്നു പന്തലിച്ച് സ്വാഭാവിക ബുദ്ധിയുള്ള മനുഷ്യന്റെ തലച്ചോറിനുള്ളിൽ ഇടംകണ്ടെത്തിക്കഴിഞ്ഞു. പലതരം വെല്ലുവിളികൾ നേരിടുന്നവർക്ക് അതിനെ അതിജീവിക്കാൻ തലയ്ക്കുള്ളിൽ ചിപ്പുകൾ ഘടിപ്പിക്കാമെന്നു കണ്ടെത്തിയിട്ട് അധികമായിട്ടില്ല.
മസ്ക് ബ്രെയിൻ ഇംപ്ലാന്റുകൾക്കു വേണ്ടി മാത്രം കഴിഞ്ഞ വർഷം ന്യൂറാലിങ്ക് എന്നൊരു കമ്പനിയും ഉണ്ടാക്കി. വരാനിരിക്കുന്ന എഐ യുഗത്തിൽ നിർമിത ബുദ്ധിയെ മറികടക്കാൻ മനുഷ്യർക്കു കരുത്തു നൽകാൻ ബ്രെയിൻ ചിപ്പുകൾക്കു കഴിയുമെന്നാണ് സങ്കൽപം. തലയ്ക്കുള്ളിൽ നാലോ അഞ്ചോ ചിപ്പുകൾ ഘടിപ്പിക്കുന്നത് വായിൽ ഏതാനും പല്ലു വയ്ക്കുന്നതുപോലെ സിംപിളായ കാര്യമായി മാറാൻ അധികകാലമില്ല.
എന്നാൽ, സംഗതി വ്യാപകമാകും മുൻപ് തന്നെ ബ്രെയിൻ ഇംപ്ലാന്റുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളൊന്ന് ശാസ്ത്രജ്ഞരുടെ തലയിൽ കൊള്ളിയാൻ മിന്നിച്ചു കഴിഞ്ഞു. കഴിഞ്ഞയാഴ്ചത്തെ ജേണൽ ഓഫ് ന്യൂറോ സർജറിയിലാണ് ആരെയും അതിമാനുഷരാക്കുന്ന ബ്രെയിൻ ചിപ്പുകൾ എത്രത്തോളം ദുർബലമാണെന്നു വ്യക്തമാക്കുന്നത്. തലയിൽ ഒരു ഡിബിഎസ് (ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ) ചിപ്പ് ഘടിപ്പിച്ച 66–കാരി മേഘാവൃതമായ ഒരു വൈകുന്നേരം തലയിലെ ചിപ്പ് റീചാർജ് ചെയ്യുകയായിരുന്നു. പാർക്കിൻസൺസ്, അപസ്മാരം, ഒബ്സസീവ് കംപൽസീവ് ഡിസോഡർ തുടങ്ങിയ രോഗങ്ങൾ വരുതിയിലാക്കാനാണു ഡിബിഎസ് ചിപ്പുകൾ തലയിൽ സ്ഥാപിക്കുന്നത്. 66–കാരിയുടെ ചിപ്പ് ഫുൾചാർജിനോടടുക്കുമ്പോൾ ആകാശത്ത് ഒരു മിന്നൽ. അതോടെ തലയിലെ പ്രകാശം അണഞ്ഞു. ഗൃഹോപകരണങ്ങൾ പലതും മിന്നലിൽ പ്രവർത്തന രഹിതമായി. വയോധിക വയ്യാതെ ആശുപത്രിയിൽ ചെന്നപ്പോൾ തലയിലെ ഡിബിഎസ് ചിപ്പ് സ്വിച്ച് ഓഫായിരിക്കുന്നു. മിന്നലേറ്റാൽ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾക്കു സംഭവിക്കുന്ന അതേ ദുരന്തം തലയിലെ ഡിബിഎസ് ചിപ്പിനും സംഭവിക്കും എന്ന തിരിച്ചറിവിൽ തരിച്ചിരിക്കുകയാണ് ഹൈടെക് ഡോക്ടർമാർ. ബ്രെയിൻ ചിപ്പുകൾ ഘടിപ്പിച്ചിരിക്കുന്നവർ ഇടിയും മിന്നലുമുള്ളപ്പോൾ അത് റീചാർജ് ചെയ്യാൻ നിൽക്കരുത് എന്ന മുന്നറിയിപ്പിൽ കാര്യങ്ങൾ അവസാനിക്കുന്നില്ല. 66–കാരിയുടെ ചിപ്പ് ഓഫായിപ്പോയതേയുള്ളൂ.
മറ്റൊരു മിന്നൽ മറ്റൊരു ചിപ്പിനെ കരിച്ചു കളയുകയോ ചിപ്പ് പേറുന്ന വ്യക്തിയെ അപകടത്തിലാക്കുകയോ ചെയ്യാം എന്നതാണ് യഥാർഥ ഭീഷണി. മിന്നൽ ഭീഷണി നിലനിൽക്കെ ബ്രെയിൻ ചിപ്പുകളുടെ ഭാവി എന്തായിരിക്കും എന്ന ചോദ്യത്തിന് കൃത്രിമ ബുദ്ധിയാണ് യഥാർഥ ഭീഷണി എന്നാവർത്തിച്ചുകൊണ്ടിരിക്കുന്ന ഇലോൺ മസ്കും മറുപടി ഒന്നും പറഞ്ഞിട്ടില്ല.
What's Your Reaction?