'കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ വധിക്കും', ബജ്‌രംഗ് പൂനിയയ്ക്ക് വധഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു

Sep 9, 2024 - 08:41
 0
'കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ വധിക്കും', ബജ്‌രംഗ് പൂനിയയ്ക്ക് വധഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു

കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗുസ്തി താരം ബജ്‌രംഗ് പൂനിയയ്ക്ക് വധഭീഷണി. കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ വധിക്കുമെന്നാണ് പൂനിയയ്‌ക്കെത്തിയ വധഭീഷണി. വിദേശ നമ്പറില്‍ നിന്നുള്ള വാട്‌സ്ആപ്പ് സന്ദേശമായാണ് വധഭീഷണിയെത്തിയത്. സംഭവത്തിന് പിന്നാലെ ബജ്‌രംഗ് പൂനിയ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച ലഭിച്ച വധഭീഷണിയില്‍ സോനിപത്തിലെ ബാല്‍ഗഢ് പൊലീസ് സ്റ്റേഷനിലാണ് ബജ്‌രംഗ് പൂനിയ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ബജ്‌രംഗ് കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്. ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.

തങ്ങളാരാണെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് നിങ്ങള്‍ക്ക് കാണിച്ചുതരും. എവിടെ വേണമെങ്കിലും പരാതിപ്പെട്ടോളൂ. ഇത് നിങ്ങളുടെ ആദ്യത്തേയും അവസാനത്തെയും മുന്നറിയിപ്പാണെന്നും സന്ദേശത്തിലുണ്ട്. അതേസമയം ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണിനോട് ബജ്‌രംഗിനും വിനേഷ് ഫോഗട്ടിനും എതിരായ പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ സമരവും അതിന് കര്‍ഷക സംഘടനകള്‍ നല്‍കിയ പിന്തുണയും കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ ജനവികാരം സൃഷ്ടിച്ചിരുന്നു. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതും ബിജെപി ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.

കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയും ബ്രിജ് ഭൂഷണ്‍ പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബ്രിജ് ഭൂഷണിന്റെ വാക്കുകള്‍ വിനയാകുമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിന് പിന്നാലെയാണ് താക്കീത് നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിനേഷ് ഫോഗട്ടിനും, ബജ്രംഗ് പൂനിയക്കുമെതിരെ ഒരു വാക്ക് പോലും മിണ്ടരുതെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ബോധ്യത്തിലാണ് ബിജെപി നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow