ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ഓഫീസില്‍ തീപിടുത്തം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം;
തിരുവനന്തപുരം പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണവിയും ഓഫീസിലെത്തിയ മറ്റൊരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഓഫീസും പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചതായാണ് വിവരം. ഓഫീസില്‍ നിന്ന് തീയും പുകയും കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പിന്നാലെ ഫയര്‍ ആന്റ് റെസ്‌ക്യു സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എസി പൊട്ടിത്തെറിച്ചാണ് തീ പിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുല്‍ റഷീദ് അറിയിച്ചു. സ്ഥലത്ത് വിശദമായ ഫോറന്‍സിക് പരിശോധന നടത്തുമെന്നും അബ്ദുല്‍ റഷീദ് വ്യക്തമാക്കി.
സ്ഥാപനത്തില്‍ നിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും സമീപത്തെ വ്യാപാരികള്‍ പറയുന്നു. മന്ത്രി വി ശിവന്‍കുട്ടി അപകട സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
What's Your Reaction?