സംസ്ഥാനത്ത് പ്ലസ് വണ്ണിന് 79 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു
സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കൊമേഴ്സിനു പത്തും ഹ്യൂമാനിറ്റിസിന് 49ഉം അധിക ബാച്ചുകൾ അനുവദിച്ചു.
സംസ്ഥാനത്ത് പ്ലസ് വൺ(Plus One) സീറ്റ് ക്ഷാമം പരിഹരിക്കാൻ താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് താൽക്കാലിക ബാച്ചുകൾ അനുവദിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ്(Education department) ഊർജിതമാക്കിയത്. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ സൗകര്യമുള്ള സ്കൂളുകളുടെ പട്ടിക നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 79 താല്ക്കാലിക ബാച്ചുകൾ അനുവദിച്ചത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചു സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കിയിട്ടുണ്ട്. കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്
ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്കെടുത്തതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ചു.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു. സയൻസ് ബാച്ചുകൾ അധികം വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ പശ്ചാത്തലങ്ങൾ എല്ലാം പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് മൊത്തം 79 അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
താത്കാലിക ബാച്ചുകൾ അനുവദിച്ച പശ്ചാത്തലത്തിൽ നിലവിലുള്ള ഒഴിവുകൾ കൂടി ഉൾപ്പെടുത്തി സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ഡിസംബർ 14 മുതൽ അപേക്ഷ ക്ഷണിക്കും. എസ്എസ്എൽസി പരീക്ഷ വിജയിച്ചവരുടെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഉദാരമായി മൂല്യനിർണയം നടത്തിയതിലൂടെ വലിയതോതിൽ വർധിച്ചിരുന്നു. ഇതാണ് പ്ലസ് വൺ സീറ്റ് ക്ഷാമത്തിലേക്ക് നയിച്ചത്. പ്ലസ് വൺ സീറ്റ് ക്ഷാമം പ്രതിപക്ഷമടക്കം വിവാദമാക്കിയതിന് പിന്നാലെയാണ് സർക്കാർ താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.
What's Your Reaction?