പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരേ വംശീയാധിക്ഷേപം; 3 മന്ത്രിമാരെ മാലദ്വീപ് സസ്പെന്റ് ചെയ്തു

Jan 8, 2024 - 15:19
 0
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരേ വംശീയാധിക്ഷേപം; 3 മന്ത്രിമാരെ മാലദ്വീപ് സസ്പെന്റ് ചെയ്തു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപം നടത്തിയ മന്ത്രിമാർക്കെതിരെ നടപടിയെടുത്ത് മാലദ്വീപ് സർക്കാർ. മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്താണ് നടപടിയെടുത്തത്. ഗതാഗത സിവിൽ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഹസൻ സിഹാൻ, യൂത്ത് എംപവർമെന്റ്, ഇൻഫർമേഷൻ ആൻഡ് ആർട്സ് ഡെപ്യൂട്ടി മന്ത്രി മറിയം ഷിയുന, മൽഷ എന്നിവർക്കെതിരെയാണ് നടപടി.

മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റുകയാണെന്ന മന്ത്രി അബ്ദുല്ല മഹ്സൂം മജീദിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തുടക്കം. പിന്നാലെ, മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് മന്ത്രി മറിയം ഷിയുനയും രംഗത്തെത്തി. നരേന്ദ്ര മോദിയെ ‘കോമാളി’യെന്നും ‘ഇസ്രായേലിന്റെ പാവ’യെന്നും വിളിച്ചായിരുന്നു അധിക്ഷേപം.

ഇതോടെ, സോഷ്യൽമീഡിയയിൽ പ്രതിഷേധവുമായി ഇന്ത്യക്കാരുമെത്തി. മാലദ്വീപിലേക്കുള്ള യാത്രകളും ബുക്കിങ്ങുകളും റദ്ദാക്കിയായിരുന്നു ഇന്ത്യക്കാരുടെ പ്രതിഷേധം. തുടർന്ന് വിശദീകരണവുമായി മാലദ്വീപ് സർക്കാർ രംഗത്തെത്തി. വിദേശ നേതാക്കൾക്കും ഉന്നത വ്യക്തികൾക്കും എതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വന്ന അപകീർത്തികരമായ പരാമർശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് വ്യക്തിപരമാണെന്നും മാലദ്വീപ് സർക്കാരിന്റെ അഭിപ്രായമല്ലെന്നുമായിരുന്നു വിശദീകരണം.

മാത്രമല്ല, ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് മടിയില്ലെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് മൂന്ന് മന്ത്രിമാരെ സസ്പെന്റ് ചെയ്തത്

What's Your Reaction?

like

dislike

love

funny

angry

sad

wow