ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
യുദ്ധം തുടങ്ങി പത്താം നാൾ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ (Russia Declares Ceasefire). ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിർത്തൽ.
യുദ്ധം തുടങ്ങി പത്താം നാൾ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ (Russia Declares Ceasefire). ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിർത്തൽ. രക്ഷാപ്രവർത്തനത്തിനായാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഇടനാഴികൾ തയാറാക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറു മണിക്കൂർ സമയമാണ് വെടിനിർത്തലെന്നാണ് സൂചന.
മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിലൂടെയാണ് ഒഴിപ്പിക്കുന്നത്. ഇന്ത്യക്കാരുൾപ്പെടെ നിരവധി രാജ്യങ്ങളിലെ ആൾക്കാർ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ബങ്കറുകളിൽ കഴിയുന്ന പലരും ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് കഴിയുന്നത്. ആക്രമണത്തിൽ ജലവിതരണവും ഭക്ഷണ വിതരണവും പൂർണമായും നിലച്ചു. ഇന്ത്യൻ വിദ്യാർഥികളെ ഉൾപ്പെടെ യുക്രെയ്ൻ ബന്ധികളാക്കിയിരിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. തുടർന്നാണ് രക്ഷാപ്രവർത്തനത്തിനായി വെടിനിർത്തൽ പ്രഖ്യാപിച്ചത്.
യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മോസ്കോ സമയം രാവിലെ പത്തുമണിയോടെ താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തു. "ഇന്ന്, മാർച്ച് 5 ന്, മോസ്കോ സമയം രാവിലെ 10 മണിക്ക്, റഷ്യൻ പക്ഷം വെടിനിർത്തൽ പ്രഖ്യാപിക്കുകയും മരിയുപോളിൽ നിന്നും വോൾനോവാഖയിൽ നിന്നും സിവിലിയന്മാർക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കുകയും ചെയ്യുന്നു," റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി പറഞ്ഞു.
ബെലാറസിലെ ബ്രെസ്റ്റിൽ നടന്ന രണ്ടാം റൗണ്ട് ചർച്ചയിൽ നേരത്തെ യുക്രേനിയൻ പ്രതിനിധികളുമായി മാനുഷിക ഇടനാഴികളും എക്സിറ്റ് റൂട്ടുകളും ചർച്ച ചെയ്തിരുന്നതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യക്കാർ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സാധാരണക്കാരെ ഒഴിപ്പിക്കാൻ മാനുഷിക ഇടനാഴികൾ നിർമ്മിക്കണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു. മാനുഷിക ഇടനാഴികളുടെ നിർദ്ദേശം സംബന്ധിച്ച് ഇരുപക്ഷവും സമ്മതിച്ചതായി യുക്രെയ്നിന്റെ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.
വോൾനോവാഖ നഗരം വിട്ടുപോകാൻ കുറഞ്ഞത് 20,000 പേരെങ്കിലും ആഗ്രഹിക്കുന്നുവെന്ന് മൈഖൈലോ പോഡോലിയാകിനെ ഉദ്ധരിച്ച് സ്പുട്നിക് ന്യൂസ് റിപ്പോർട്ട് ചെയ്തു. യുക്രേനിയൻ നഗരങ്ങളിൽ വ്യോമാക്രമണം തുടരുകയും റഷ്യൻ ‘സൈനിക പ്രവർത്തനം’ തുടരുകയും ചെയ്യുന്നുണ്ടെങ്കിലും യുക്രെയ്ൻ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ നയതന്ത്ര പരിഹാരത്തിന് റഷ്യ തയ്യാറാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രഖ്യാപിച്ച സൈനിക നടപടിയെത്തുടർന്ന് രാജ്യത്തിനകത്ത് നിന്ന് കുറഞ്ഞത് 1,60,000 ആളുകളെങ്കിലും പലായനം ചെയ്യപ്പെട്ടുവെന്ന് യുഎൻ അഭയാർത്ഥി ഏജൻസി വ്യക്തമാക്കി.
English Summary: Russia Declares Ceasefire Starting 12:30 PM to Open Humanitarian Corridors. Russian forces will stop firing at 1000 Moscow time to allow humanitarian corridors out of the Ukrainian cities of Mariupol and Volnovakha, Russia’s defence ministry said, Interfax reported.
What's Your Reaction?