Booker Prize 2024: ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയ്ക്ക് ബുക്കർ പുരസ്കാരം
2024-ലെ ബുക്കർ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക്. സാമന്തയുടെ ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് ബുക്കർ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്.
49-കാരിയായ സാമന്ത ഹാർവിയുടെ അഞ്ചാമത്തെ നോവലാണിത്. 50,000 പൗണ്ടാണ് ബുക്കർ പ്രൈസ് ജേതാവിന് സമ്മാനത്തുകയായി ലഭിക്കുക. ബുക്കർ പ്രൈസ് ഫൗണ്ടേഷൻ്റെ കണക്കനുസരിച്ച് 136 പേജുകൾ മാത്രമുള്ള “ഓർബിറ്റൽ” അവാർഡ് കരസ്ഥമാക്കുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ നോവലാണ്.
ലോക്ക്ഡൗൺ സമയത്താണ് സാമന്ത ഈ നോവൽ എഴുതാനാരംഭിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികർ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവലിന്റെ പശ്ചാത്തലം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ഭൂമിയുടെ വീഡിയോകൾ കാണുന്നതാണ് തന്നെ ഇങ്ങനെയൊരു നോവലെഴുതാൻ പ്രേരിപ്പിച്ചതെന്ന് സാമന്ത 2023-ൽ പറഞ്ഞിരുന്നു.
റേച്ചൽ കുഷ്‌നറിന്റെ “ക്രിയേഷൻ ലേക്ക്”, ആൻ മൈക്കൽസിന്റെ “ഹെൽഡ്”,“ദ സേഫ്കീപ്പിന്” യേൽ വാൻ ഡെർ വുഡൻ, ഷാർലറ്റ് വുഡ്ന്റെ “സ്റ്റോൺ യാർഡ് ഡിവോഷണൽ”,പെർസിവൽ എവററ്റിൻ്റെ “ജെയിംസ്” എന്നിവയും ഷോർട്ട്‌ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. പുരസ്കാരത്തിന്റെ 55 വർഷത്തെ ചരിത്രത്തിലിതാദ്യമായി തിരഞ്ഞെടുക്കപ്പെട്ട ആറ് എഴുത്തുകാരിൽ അഞ്ച് പേരും സ്ത്രീകളാണെന്ന പ്രത്യേകതയും ഉണ്ടായിരുന്നു 2024 ലെ ബുക്കർ പ്രൈസിന്റെ ചുരുക്കപട്ടികയ്ക്ക്
2005ൽ സ്ഥാപിതമായ മാൻ ബുക്കർ ഇൻ്റർനാഷണൽ പ്രൈസ് എന്നറിയപ്പെട്ടിരുന്ന ഇൻ്റർനാഷണൽ ബുക്കർ പ്രൈസ്, യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള അഭിമാനകരമായ സാഹിത്യ പുരസ്കാരമായാണ് കണക്കാക്കുന്നത്.
What's Your Reaction?