World cup: തകർപ്പൻ ഫോമിൽ ക്വിന്‍റൻ ഡി കോക്ക്; ലോകകപ്പിൽ മൂന്നാം സെഞ്ച്വറി
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും കൂറ്റൻ സ്കോർ. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് അടിച്ചുകൂട്ടി. കഴിഞ്ഞ മത്സരത്തിൽ അവർ ഇംഗ്ലണ്ടിനെതിരെ 399 റൺസ് നേടിയിരുന്നു. തകർപ്പൻ ഫോമിലുള്ള ക്വിന്‍റൻ ഡി കോക്ക്(140 പന്തിൽ 170 റൺസ്) സെഞ്ച്വറി നേടി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹെൻറിച്ച് ക്ലാസൻ 49 പന്തിൽ 90 റൺസ് നേടി. എയ്ഡൻ മർക്രം 60 റൺസും ഡേവിഡ് മില്ലർ പുറത്താകാതെ 43 റൺസും നേടി.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം മന്ദഗതിയിലായിരുന്നു. റീസ ഹെൻഡ്രിക്ക് 12 റൺസെടുത്ത് പുറത്തായി. ഷോറിഫുൾ ഇസ്ലാമാണ് ഹെൻഡ്രിക്കിനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ വാൻഡർ ഡസനും പുറത്തായതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 36 എന്ന നിലയിലായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ മർക്രാമിനെ കൂട്ടുപിടിച്ച് ഡി കോക്ക് പോരാട്ടം ഏറ്റെടുത്തു.
പതുക്കെ സ്കോറിങ് വേഗം കൂട്ടി ഡികോക്ക്-മർക്രം കൂട്ടുകെട്ട് ബംഗ്ലാ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. പൊതുവെ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റ് കൂടി ആയതോടെ ദക്ഷിണാഫ്രിക്ക അതിവേഗം റൺസ് കണ്ടെത്തി. 140 പന്തിൽ 174 റൺസെടുത്ത ഡികോക്ക് ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയാണ് നേടിയത്. ഏഴ് സിക്സറും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. കൂടാതെ ഏകദിനത്തിൽ ഒരു വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ എന്ന നേട്ടവും ഡികോക്ക് ഇന്ന് വാംഖഡെ സ്റ്റേഡിയത്തിൽ കുറിച്ചു. 188 റൺസ് നേടിയിട്ടുള്ള എം.എസ് ധോണിയാണ് പട്ടികയിൽ ഒന്നാമത്.
69 പന്ത് നേരിട്ട് 60 റൺസെടുത്ത മർക്രം മധ്യ ഓവറുകളിൽ കൂടുതൽ കരുതലോടെയാണ് ബാറ്റുചെയ്തത്. 31-ാമത്തെ ഓവറിൽ മർക്രം പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസനാണ് സ്കോറിങ് വേഗം കൂട്ടിയത്. ക്ലാസൻ എത്തിയതോടെ ഡികോക്കും ടോപ് ഗിയറിലായി. മൈതാനത്തിന്‍റെ എല്ലാ ഭാഗത്തേക്കും റൺസ് ഒഴുകിയതോടെ ദക്ഷിണാഫ്രിക്ക വമ്പൻ സ്കോറിലേക്ക് കുതിച്ചു. 46-ാമത്തെ ഓവറിലെ ആദ്യ പന്തിൽ ഡികോക്ക് പുറത്താകുമ്പോൾ ദക്ഷിണാഫ്രിക്ക 309 റൺസിലെത്തിയിരുന്നു. അവസാന അഞ്ച് ഓവറിൽ 73 റൺസ് കൂടി അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരത്തിലേക്കാൾ അപകടകാരിയായിരുന്നു ക്ലാസൻ. 49 പന്തിൽ 90 റൺസ് നേടിയ അദ്ദേഹം എട്ട് സിക്സറും രണ്ടു ഫോറും നേടി. ഡികോക്കിന് പകരക്കാരനായി എത്തിയ ഡേവിഡ് മില്ലറും ആഞ്ഞടിച്ചു. 15 പന്ത് നേരിട്ട മില്ലർ നാല് സിക്സറിന്‍റെ അകമ്പടിയോടെ 34 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി ഹസൻ മഹ്മൂദ് രണ്ട് വിക്കറ്റ് നേടി.
What's Your Reaction?