ഇന്ത്യ; നെതര്‍ലന്‍ഡിനെതിരെ 160 റണ്‍സിന്‍റെ വിജയം
ബെംഗളൂരുവില്‍ നെതര്‍ലന്‍ഡിനെ 160 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ഉജ്വല വിജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 411 എന്ന കൂറ്റന്‍ വിജലക്ഷ്യം പിന്തുടര്‍ന്ന ഓറഞ്ച് പടയുടെ പോരാട്ടം 250ല്‍ അവസാനിച്ചു. 94 പന്തില്‍ 128 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ താരം. ലോകകപ്പിലെ ഒമ്പത് കളികളില്‍ ഒമ്പതും ജയിച്ച് അപരാജിതരായാണ് ടീം ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുന്നത്.
ഇന്ത്യക്കായി ജസപ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് , രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇന്ത്യക്കായി ഒരോ വിക്കറ്റ് വീതം വീഴ്ത്തി,
മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡിനെ തുടക്കത്തിലെ ഇന്ത്യ പ്രഹരമേല്‍പ്പിച്ചു. 4 റണ്‍സെടുത്ത ഓപ്പണര്‍ വെസ്ലി ബറേസിയെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് വന്ന ബാറ്റര്‍മാര്‍ സാവധാനം സ്കോര്‍ ഉയര്‍ത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.
ആദ്യ ഇന്നിങ്സില്‍ ബാറ്റുമായി ക്രീസിലെത്തിയ ഓരോ ഇന്ത്യന്‍ താരങ്ങളും നെതര്‍ലന്‍ഡ് ബോളര്‍മാരെ കണക്കിന് ശിക്ഷിച്ചു. നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് ഇന്ത്യ അടിച്ചുക്കൂട്ടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ആരംഭിച്ച റണ്‍വേട്ട പിന്നാലെയെത്തിയ വിരാട് കോലിയും ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ചേര്‍ന്ന് പൂര്‍ത്തിയാക്കി. സെഞ്ചുറി നേട്ടവുമായി തിളങ്ങിയ ശ്രേയസ് അയ്യരും (94 പന്തില്‍ 128 റണ്‍സ്) കെഎല്‍ രാഹുലും ( 64 പന്തില്‍ 102 റണ്‍സ്) നേടി ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കുന്തമുനകളായി. രോഹിത് ശര്‍മ്മ (61) ശുഭ്മാന്‍ ഗില്‍ (51) വിരാട് കോലി (51) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേട്ടത്തോടെ ടീമിനെ കൂറ്റന്‍ സ്കോറിലെത്തി. 2 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്താകാതെ നിന്നു.
നെതര്‍ലാന്‍ഡിനായി ബാസ് ഡി ലീഡ് 2 വിക്കറ്റും റോലോഫ് വാൻ ഡെർ മെർവെ, പോൾ വാൻ മീകെരെൻ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
What's Your Reaction?