Israel-Hamas Conflict: മരണം 3000 കടന്നു; ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യവിമാനം ഇസ്രായേലിലെത്തി

ഇതിനകം 1.875 ലക്ഷം ജനങ്ങള്‍ ഗാസയില്‍നിന്ന് പലായനം ചെയ്‌തെന്ന് യു എന്‍ അറിയിച്ചു

Oct 11, 2023 - 23:40
 0
Israel-Hamas Conflict: മരണം 3000 കടന്നു; ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യവിമാനം ഇസ്രായേലിലെത്തി

ഇസ്രായേൽ- ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 പിന്നിട്ടു. വ്യാമാക്രമണം ശക്തമാക്കിയതോടെ ബുധനാഴ്ച മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ, യുദ്ധോപകരണങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനം ഇസ്രായേലിലെത്തി. തെക്കന്‍ ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തില്‍ അമേരിക്കന്‍ വിമാനം യുദ്ധോപകരണങ്ങളുമായി എത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ‘സുപ്രധാന ആക്രമണങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങള്‍ നേരിടുന്നതിന് സേനയെ പര്യാപ്തമാക്കുന്നതിനുമാണ്‌ ഈ ആയുധങ്ങള്‍’ ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, യു എസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യാഴാഴ്ച ഇസ്രായേലിലേത്തും. ഹമാസ്- ഇസ്രായേല്‍ യുദ്ധമാരംഭിച്ചശേഷം ആദ്യമായാണ് ഒരു വിദേശരാജ്യ പ്രതിനിധി ഇവിടേക്ക് എത്തുന്നത്. ഇസ്രായേലിന് അമേരിക്ക പ്രഖ്യാപിച്ച പിന്തുണയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഈ സന്ദര്‍ശനത്തിലൂടെ പങ്കുവെക്കുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലില്‍ നിന്ന് മടങ്ങും വഴി ബ്ലിങ്കന്‍ ജോര്‍ദാനിലും സന്ദര്‍ശനം നടത്തും. ഇതിനിടെ അമേരിക്കയുടെ ഒരു പ്രത്യേക ദൗത്യ സംഘം ഇസ്രായേല്‍ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ വെളിപ്പെടുത്തി.

 

ഹമാസിന്റെ ഭാഗത്ത് നിന്ന് മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ഇസ്രയേല്‍ പ്രതിരോധ മന്ത്രിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടെ മൂന്നാമതും യുഎസ് പ്രസിഡന്റ് ജോ ബൈഡുനുമായി കഴിഞ്ഞ രാത്രി സംസാരിച്ചെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഐഎസ്‌ഐഎസിനേക്കാള്‍ ഭീകരരാണ് ഹമാസെന്നും അവരെ അതേ രീതിയില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ബൈഡനെ ധരിപ്പിച്ചതായി നെതന്യാഹു പറഞ്ഞു.

‘ഇസ്രയേലിനൊപ്പമാണ് യുഎസ് നിലകൊള്ളുന്നതെന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും പ്രസിഡന്റ് ബൈഡന്‍ ആവര്‍ത്തിച്ചു. അതിന് അദ്ദേഹത്തോട് നന്ദി അറിയിച്ചു. ഇസ്രായേല്‍ വിജയിക്കുന്നതിന് ദീര്‍ഘവും ശക്തവുമായ പ്രചാരണം ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഹമാസ് ഇസ്രായേലിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കം നടത്തിയ ക്രൂരത ബൈഡനോട് വിവരിച്ചു. ഇസ്രായേല്‍ അതിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇത്തരത്തില്‍ പ്രാകൃതമായ ക്രൂരത ഇതുവരെ കണ്ടിട്ടില്ല. ഐഎസിനേക്കാള്‍ മോശമാണ് അവര്‍. അതേ രീതിയില്‍ തന്നെ കൈകാര്യം ചെയ്യപ്പേടണ്ടതുണ്ട്’ – നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.

ഹമാസ് ആക്രമത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നതായി ഐഡിഎഫ് അറിയിച്ചു. 2800 ലധികം ആളുകള്‍ക്ക് പരിക്കേറ്റുതായും അവര്‍ വ്യക്തമാക്കി.ഗാസയില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം തുടരുകയാണ്. 24 മണിക്കൂറിനിടെ 450 ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഇതിനകം 1.875 ലക്ഷം ജനങ്ങള്‍ ഗാസയില്‍നിന്ന് പലായനം ചെയ്‌തെന്ന് യു എന്‍ അറിയിച്ചു. ഹമാസ് ആക്രമണത്തിനുപിന്നാലെ പലസ്തീനുള്ള സാമ്പത്തികസഹായം നിര്‍ത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിയെ സ്‌പെയിനും ഫ്രാന്‍സും അപലപിച്ചു. പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ അന്താരാഷ്ട്രവിമാനക്കമ്പനികള്‍ ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

ശനിയാഴ്ച രാവിലെ ആറരയോടെയാണ് കര, കടല്‍, ആകാശമാര്‍ഗം ഹമാസ് അംഗങ്ങള്‍ ഇസ്രായേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്. പിന്നാലെ ഇസ്രയേല്‍ ഭരണകൂടം യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow