'ട്രംപിനും മോദിക്കും നന്ദി'; യുക്രൈൻ വിഷയത്തിലെ ഇടപെടലിന് ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പുടിൻ

മൂന്ന് വർഷമായി നീളുന്ന റഷ്യ- യുക്രൈൻ യുദ്ധത്തിൽ സമാധാനമുണ്ടാക്കാൻ ശ്രമം നടത്തിയതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ്, ബ്രസീൽ പ്രസിഡന്റ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് നന്ദിയറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡമിർ പുടിൻ. യുക്രൈനുമായി 30 ദിവസത്തെ വെടിനിർത്തലിന് യുഎസ് മുന്നോട്ടുവെച്ച നിർദേശം തത്ത്വത്തിൽ അംഗീകരിക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം..
‘യുക്രൈൻ വിഷയം ഒത്തുതീർപ്പാക്കുന്നതിൽ ഇത്രയധികം ശ്രദ്ധ ചെലുത്തിയതിന് അമേരിക്കൻ പ്രസിഡന്റ് മിസ്റ്റർ ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിഷയത്തിൽ ഇടപെട്ട ചൈനീസ് പ്രസിഡന്റ്, ഇന്ത്യൻ പ്രധാനമന്ത്രി, ബ്രസീൽ പ്രസിഡന്റ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എന്നിവരടക്കമുള്ള ലോകനേതാക്കൾക്കെല്ലാം നന്ദി. ശത്രുത അവസാനിപ്പിക്കുന്നതിനും മനുഷ്യരുടെ നാശനഷ്ടങ്ങൾ തടയുന്നതിനുമുള്ള മഹത്തായ ലക്ഷ്യത്തോടെയാണ് ഇതെല്ലാം’- പുടിൻ പറഞ്ഞു.
അതേസമയം, മുപ്പതുദിന വെടിനിർത്തൽ സൈന്യത്തെ കരുത്തുറ്റതാക്കാൻ യുക്രൈൻ ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയും ഇതോടൊപ്പം പുടിൻ പങ്കിട്ടു. യുദ്ധം തുടങ്ങാൻ കാരണമായ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കപ്പെടണമെന്നും വെടിനിർത്തൽ നിബന്ധനകളിൽ ചില മാറ്റങ്ങൾ വേണ്ടിവരുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
കരാറിലെ വ്യവസ്ഥകൾ പരിശോധിക്കേണ്ടതുണ്ട്. ദീർഘകാല സമാധാനത്തിനു വഴിതുറക്കുന്നതാകണം കരാർ. അമേരിക്കൻ സംഘവുമായി കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും പുടിൻപറഞ്ഞു. വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സംവിധാനം വേണം. വെടിനിർത്തൽ കാലയളവിൽ നാറ്റോ രാജ്യങ്ങളിൽ നിന്നുള്ള സമാധാനസേനയെ അംഗീകരിക്കില്ലെന്നും പുടിൻ വ്യക്തമാക്കി.
What's Your Reaction?






