ബിജെപി നേതാവ് തിരികെ കോൺഗ്രസിലെത്തിയത് 400 കാറുകളുടെ അകമ്പടിയോടെ; വീഡിയോ വൈറൽ
2020ൽ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മധ്യപ്രദേശ് രാഷ്ട്രീയ നേതാവ് ബൈജ്‌നാഥ് സിംഗ് തിരികെ വീണ്ടും കോൺഗ്രസിലേക്ക്. മധ്യപ്രദേശിലെ ശിവപുരിയിൽ നിന്ന് ഭോപ്പാലിലേക്ക് 400 കാറുകളുടെ അകമ്പടിയോടെ ആയിരുന്നു മടങ്ങിവരവ്. സൈറൺ മുഴക്കി ഈ വാഹനങ്ങൾ ബൈജ്‌നാഥ് സിംഗിന് അകമ്പടി സേവിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെയും മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിന്റെയും സാന്നിധ്യത്തിലാണ് സിംഗ് വീണ്ടും കോൺഗ്രസിൽ ചേർന്നത്.
മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിംഗിന്റെ മടങ്ങിവരവ്. ബിജെപിയിൽ സീറ്റ് ലഭിക്കാത്തതാണ് പാർട്ടി വിടാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കോൺഗ്രസിൽ മടങ്ങിയെത്തിയത് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയോടെ അല്ല. ബിജെപിയുടെ 15 ജില്ലാതല നേതാക്കളും ബൈജ്നാഥ് സിങ്ങിനൊപ്പം കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.
സിംഗിന്റെ തിരിച്ചു വരവിന്റെ വീഡിയോ വൈറലായതോടെ പലരും വലിയ ശബ്ദത്തിൽ സൈറൺ മുഴക്കിയതിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. നിയമം അനുസരിച്ച്, ആംബുലൻസുകൾ, ഫയർ ഫോഴ്സ്, പോലീസ് (ചില സന്ദർഭങ്ങളിൽ) തുടങ്ങിയ അടിയന്തര സേവനങ്ങൾ നൽകുന്നവരുടെ വാഹനങ്ങൾക്ക് മാത്രമേ റോഡിൽ സൈറൺ ഉപയോഗിക്കാൻ മാത്രമേ അനുവാദമുള്ളൂ.
സംഭവത്തെ അപലപിച്ച് ബിജെപിയും രംഗത്തെത്തി. കോൺഗ്രസിന്റെ ഫ്യൂഡൽ ചിന്താഗതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് പാർട്ടി വിമർശിച്ചു. ”പൊതുജനങ്ങൾക്ക് ശല്യം സൃഷ്ടിക്കുന്ന കോൺഗ്രസ് നേതാക്കളുടെ മാനസികാവസ്ഥയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രധാനമന്ത്രി വരെ വിഐപി സംസ്കാരത്തിനെതിരെ രംഗത്തു വന്നു. എന്നാൽ കോൺഗ്രസിന്റെ ഫ്യൂഡൽ ചിന്താഗതിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്. ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു. ഇതിന് കാരണക്കാർ ആയവർക്കെതിരെ നടപടിയെടുക്കാൻ അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു”, ബിജെപി വക്താവ് ഡോ ഹിതേഷ് ബാജ്പേയി പറഞ്ഞു.
What's Your Reaction?