ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ റിമാൻഡ് ചെയ്തു; ആശുപത്രിയിൽ തുടരും
ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്കു. നെഞ്ചുവേദനയെ തുടർന്ന് സെന്തിൽ ബാലാജിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തിയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് അല്ലി റിമാൻഡ് ചെയ്തത്. ചികിത്സയിലായതിനാൽ സെന്തിൽ ബാലാജി തത്കാലം ആശുപത്രിയിൽ തുടരും.
ഇന്നലെ പുലർച്ചെയാണ് സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് നടപടി. 2013 ൽ അണ്ണാ ഡി എം കെ സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആൻജിയോഗ്രാമിന് വിധേയനാക്കിയ ബാലാജിക്ക് ബൈപാസ് സർജറി വേണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്‌തു. ആശുപത്രിയിലുള്ള ബാലാജിയെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പടെയുള്ള ഡിഎംകെ നേതാക്കൾ സന്ദർശിച്ചു. 2024ൽ ബിജെപിക്ക് തമിഴ്‌നാട് ജനത മറുപടി നൽകുമെന്ന് സ്റ്റാലിൻ പ്രതികരിച്ചു.
അതേസമയം സെന്തിൽ ബാലാജിയെ വിട്ടുകിട്ടുന്നതിനായി ഭാര്യ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി പിന്മാറി. പരിചയക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആർ ശക്തിവേൽ പിന്മാറിയത്. പ്രതിപക്ഷ പാർട്ടികളും സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരെ രംഗത്തെത്തി. അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസും, ബാലാജിയെ അറസ്റ്റ് ചെയ്‌തത് മനുഷ്യത്വരഹിതമായാണെന്ന് എഎപിയും കുറ്റപ്പെടുത്തി. അറസ്റ്റ് ഫെഡറലിസത്തിന് എതിരാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
എന്നാൽ, സെന്തിലിന്റെ ആശുപത്രി വാസം നാടകമാണെന്നാണ് AIADMKയുടെ പ്രതികരണം. സെന്തിൽ ബാലാജിക്കെതിരെ തെളിവുകളുണ്ടെന്നും ബാലാജിക്കെതിരെ സ്റ്റാലിൻ തന്നെ 2015ൽ പരാതി നൽകിയിട്ടുണ്ടെന്നും ബിജെപി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ കുറ്റപ്പെടുത്തി.
ഇതിനിടെ സെന്തിൽ ബാലാജിക്കെതിരെ കൂടുതൽ കേസുകളിൽ അന്വേഷണം നടത്തുകയാണ് ഇ ഡി. ബാറുകൾക്ക് അനുമതി നൽകിയതിലെ ക്രമക്കേട് അടക്കം പരിശോധിക്കും. ബാലാജിക്കെതിരെ തെളിവുകളുണ്ടെന്നും ഇ ഡി വെളിപ്പെടുത്തി.
What's Your Reaction?