'ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ തടവി'; ബ്രിജ്ഭൂഷനെതിരെ 2 എഫ്ഐആർ; അയോധ്യയില്‍ സംഘടിപ്പിക്കാനൊരുങ്ങിയ റാലി മാറ്റിവെച്ചു

2012 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് തങ്ങള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ നടന്നതെന്നും വനിതാ താരങ്ങള്‍ ഉന്നയിച്ച പരാതിയില്‍ പറഞ്ഞിരുന്നു

Jun 3, 2023 - 16:07
 0
'ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ തടവി'; ബ്രിജ്ഭൂഷനെതിരെ 2 എഫ്ഐആർ; അയോധ്യയില്‍ സംഘടിപ്പിക്കാനൊരുങ്ങിയ റാലി മാറ്റിവെച്ചു

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഗുരുതരകുറ്റം ചുമത്തി എഫ്‌ഐആര്‍. ലൈംഗിക ഉദ്ദേശത്തോടെ ഇയാള്‍ വനിതാ അത്‌ലറ്റുകളുടെ മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നും ലൈംഗിക ഉദ്ദേശത്തോടെ സംസാരിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റിപ്പോര്‍ട്ടിലാണ് ഈ ആരോപണങ്ങള്‍ ഉള്ളത്.

ബ്രിജ് ഭൂഷണെതിരെ രണ്ട് എഫ്‌ഐആറാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 7 വനിതാ താരങ്ങളുടെ പരാതിയില്‍ കോണാട്ട്‌പ്ലേസ് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി സെക്ഷന്‍ 354, 354ഡി, 354 എ, 34 എന്നീ വകുപ്പാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന വകുപ്പാണിത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ എഫ്‌ഐആര്‍. പോക്‌സോ നിയമത്തിലെ വകുപ്പ് 10 ആണ് പിതാവിന്റെ പരാതി പ്രകാരം ബ്രിജ് ഭൂഷണിനെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് മുതല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പാണിത്.

 

2012 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് തങ്ങള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ നടന്നതെന്നും വനിതാ താരങ്ങള്‍ ഉന്നയിച്ച പരാതിയില്‍ പറഞ്ഞിരുന്നു. ഈ വിവരവും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം വിവാദങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ ജൂണ്‍ 5ന് നടത്താനിരിക്കുന്ന റാലിയില്‍ പങ്കെടുക്കുമെന്ന് ബ്രിജ് ഭൂഷണ്‍ അറിയിച്ചിരുന്നു. എന്നാല്‍ പരിപാടിയ്ക്ക് അയോധ്യ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ റാലിയില്‍ പങ്കെടുക്കില്ലെന്ന് ബ്രിജ് ഭൂഷണ്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ രാമകഥാ പാര്‍ക്കിലെ ജന്‍ ചേതന മഹാറാലിയില്‍ പങ്കെടുക്കില്ലെന്നാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ബ്രിജ് ഭൂഷണെതിരെ പ്രമുഖ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക് എന്നിവര്‍ കഴിഞ്ഞ എപ്രില്‍ 23 മുതല്‍ സമരം ചെയ്ത് വരികയാണ്.

അതേസമയം ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ വ്യക്തിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹി ഡിസിപിയ്ക്ക് സ്വാതി മലിവാള്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു.

 

” ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അങ്കിള്‍ എന്നു പറയുന്ന വ്യക്തി കുട്ടിയുടെ പേര് വെളിപ്പെടുത്തുന്ന രീതിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാ രേഖകളും തുറന്ന് കാട്ടിയിരുന്നു. ഈ വ്യക്തിയ്‌ക്കെതിരെ പോക്‌സോ ആക്റ്റ് പ്രകാരം കേസെടുക്കണം,’ മലിവാള്‍ പറഞ്ഞു. ഈ വ്യക്തിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അതിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് അയക്കണമെന്നും മലിവാള്‍ പറഞ്ഞു. കൂടാതെ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ വ്യക്തിയെ കമ്മീഷന് മുന്നില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രധാന പ്രതിയായ ഭൂഷണിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കണമെന്നും കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഗുസ്തി താരങ്ങളുടെ പരാതിയില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി എംപി പ്രീതം മുണ്ടെ പറഞ്ഞു.

ബ്രിജ് ഭൂഷണെതിരെ വനിതാ താരങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നത് എന്നുമാണ് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് അറിയിച്ചത്. അതേസമയം അടുത്ത 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു.

” അന്വേഷണത്തില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ മാത്രമുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. വനിതാ താരങ്ങളുടെ ആരോപണം ശരിവെയ്ക്കുന്ന തെളിവുകളും ലഭിച്ചിട്ടില്ല. 15 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്,’ പോലീസ് പറഞ്ഞു.

അതേസമയം വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം നടപടിയെടുക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow