ക്രിസ്ത്യൻ സംവരണ സീറ്റിലേക്ക് ഡൽഹി സെന്റ് സ്റ്റീഫൻസ്, ജീസസ് ആൻഡ് മേരി കോളേജുകൾക്ക് പ്രത്യേകം അഭിമുഖം നടത്താമെന്ന് ഹൈക്കോടതി
സെന്റ് സ്റ്റീഫന്‍സ്, ജീസസ് ആൻഡ് മേരി കോളേജുകളില്‍ ബിരുദ കോഴ്‌സുകളിലേക്ക് ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സംവരണ സീറ്റിലേയ്ക്ക് അഭിമുഖം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. 15 ശതമാനം വെയിറ്റേജ് നല്‍കി ഈ വര്‍ഷം അഡ്മിഷന്‍ നല്‍കാന്‍ കോടതി അനുവദിച്ചു. ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് മുമ്പ് നടത്തിയ അഡ്മിഷന്‍ നടപടി ക്രമങ്ങള്‍ തുടരാന്‍ രണ്ട് കോളേജുകള്‍ക്കും ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച അനുമതി നല്‍കി.
കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം വേണം പ്രവേശനം നല്‍കാന്‍ എന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെയും യുജിസിയുടെയും തീരുമാനം തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശര്‍മ, സുബ്രമണ്യം പ്രസാദ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ന്യൂനപക്ഷ ക്വാട്ടയിലേക്കുള്ള അഡ്മിഷന്‍ ആണെങ്കില്‍ പോലും കോളേജുകളിലേക്ക് അഡ്മിഷന്‍ നേടണമെങ്കില്‍ അത് പ്രവേശന പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണമെന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ 2022 ഡിസംബര്‍ എട്ടിലെ തീരുമാനത്തില്‍ രണ്ട് കോളേജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.
ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പ്രവേശനം സംബന്ധിച്ച് ഡല്‍ഹി യൂണിവേഴ്സ്റ്റിക്ക് എത്രത്തോളം നിയന്ത്രണം ഏർപ്പെടുത്താമെന്ന കാര്യത്തിൽ നേരത്തെ തന്നെ ഉത്തരവ് ഇറക്കിയതാണെന്നും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 15 ശതമാനം വെയിറ്റേജോടെ ഇന്റര്‍വ്യൂ നടത്താന്‍ സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമല്ല. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ എ. മരിയാര്‍പുത്തം, റോമി ചാക്കോ എന്നിവര്‍ ഹാജരായി. ഷാരോണ്‍ ആന്‍ ജോര്‍ജ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലും കോടതി തീര്‍പ്പ് കല്‍പിച്ചു. മുതിര്‍ന്ന അഭിഭാഷകനായ അരുണ്‍ ഭരദ്വരാജ് ആണ് ഷാരോണ്‍ ആന്‍ ജോര്‍ജിനുവേണ്ടി ഹാജരായത്.
ഭരണഘടനയ്ക്ക് കീഴില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഇതരവിഭാഗങ്ങള്‍ക്ക് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത കുട്ടികള്‍ക്ക് ബിരുദ പ്രവേശനത്തിന് പ്രവേശന പരീക്ഷയിലെ മാര്‍ക്ക് മുഴുവനായും പരിഗണിക്കണമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12-ന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി സെന്റ് സ്റ്റീഫന്‍സ് കോളേജിനോട് നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിന് പ്രവേശനപരീക്ഷയുടെ മാര്‍ക്കിനൊപ്പം അഭിമുഖം കൂടി നടത്താമെന്ന് കോടതി നിർദേശിച്ചിരുന്നു.
What's Your Reaction?