സുപ്രീംകോടതിയിലെ ഭിന്നത ചായക്കോപ്പയിൽ ഒതുങ്ങില്ല
സുപ്രീംകോടതിയിലെ ഭിന്നത ചായക്കോപ്പയിൽ ഒതുങ്ങില്ല
ന്യൂഡൽഹി:സുപ്രീംകോടതി ന്യായപീഠത്തിലെ അഭിപ്രായ വ്യത്യാസവും ഭിന്നതയും ചായ കുടിച്ച് അവസാനിപ്പിക്കാൻ തയാറല്ലെന്നു വ്യക്തമാക്കി ജസ്റ്റീസ് ജെ. ചെലമേശ്വർ. സുപ്രീംകോടതിയിലെ പതിവ് യാത്രയയപ്പ് പരിപാടിയിൽ പങ്കെടുക്കുന്നത് അദ്ദേഹം വേണ്ടെന്നുവച്ചു. ചീഫ് ജസ്റ്റീസിനെ പങ്കെടുപ്പിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിക്കാനിരുന്ന യാത്രയയപ്പു ചടങ്ങിനെത്താൻ താത്പര്യമില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
അതിനിടെ ഇന്നലെ സുപ്രീംകോടതിയിലും എത്താതിരുന്ന ജസ്റ്റീസ് ചെലമേശ്വർ സാധാരണഗതിയിൽ ബുധനാഴ്ചകളിൽ നടക്കുന്ന ജഡ്ജിമാരുടെ ഉച്ചഭക്ഷണ കൂട്ടായ്മയിലും പങ്കെടുത്തില്ല. ബുധനാഴ്ചകളിൽ നടക്കുന്ന ഉച്ചവിരുന്നിൽ ഓരോ ജഡ്ജിമാർ അവരവരുടെ സ്വന്തം സംസ്ഥാനങ്ങളിൽ നിന്നുള്ള വിഭവങ്ങളാണു (ഘർ കാ ഖാന) വിളന്പുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് ചെലമേശ്വർ ഈ പതിവ് ഉച്ചവിരുന്നിൽ നിന്നു വിട്ടു നിന്നത്.
യാത്രയയപ്പു ചടങ്ങിൽ വ്യക്തിപരമായ കാരണങ്ങളാൽ വിട്ടു നിൽക്കുന്നു എന്നാണ് അറിയിച്ചത്. ആന്ധ്ര ഹൈക്കോടതിയിൽ നിന്നുള്ള യാത്രയയപ്പും താൻ വേണ്ടെന്നു വച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വേനൽ അവധി പ്രമാണിച്ച് മേയ് 19ന് സുപ്രീംകോടതി അടയ്ക്കും. ജൂണ്‍ 22നാണ് ജസ്റ്റീസ് ചെലമേശ്വർ വിരമിക്കുന്നത്.
What's Your Reaction?