‘സാംസൺ ബൈ നെയിം, സാംസൺ ബൈ ഗെയിം’; റണ്ണൗട്ടിനെ പഴിച്ച് ആരാധകർ

രാജ്യാന്തര ട്വന്റി20യിൽ നീണ്ട കാത്തിരിപ്പിനുശേഷം കന്നി അർധസെഞ്ചറി കുറിച്ച് ഒരു മാസം പിന്നിടും മുൻപേ, മറ്റൊരു രാജ്യത്തുവച്ച് ഏകദിനത്തിലെ കന്നി അർധസെഞ്ചറി... രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും നിർഭാഗ്യവാൻമാരിലൊളായ താരമെന്ന ലേബലിൽനിന്ന് പതുക്കെ പുറത്തേക്കു വരികയാണ് മലയാളി താരം

Jul 26, 2022 - 00:14
 0
‘സാംസൺ ബൈ നെയിം, സാംസൺ ബൈ ഗെയിം’; റണ്ണൗട്ടിനെ പഴിച്ച് ആരാധകർ

രാജ്യാന്തര ട്വന്റി20യിൽ നീണ്ട കാത്തിരിപ്പിനുശേഷം കന്നി അർധസെഞ്ചറി കുറിച്ച് ഒരു മാസം പിന്നിടും മുൻപേ, മറ്റൊരു രാജ്യത്തുവച്ച് ഏകദിനത്തിലെ കന്നി അർധസെഞ്ചറി... രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും നിർഭാഗ്യവാൻമാരിലൊളായ താരമെന്ന ലേബലിൽനിന്ന് പതുക്കെ പുറത്തേക്കു വരികയാണ് മലയാളി താരം സഞ്ജു സാംസൺ. ജൂണിൽ അയർലൻഡിനെതിരെ അവരുടെ നാട്ടിൽ കന്നി ട്വന്റി20 അർധസെഞ്ചറി കുറിച്ച സഞ്ജു, ഒരു മാസത്തിനിപ്പുറം വെസ്റ്റിൻ‍ഡീസിനെതിരെ അവരുടെ മണ്ണിലാണ് കന്നി ഏകദിന അർധസെഞ്ചറി കുറിച്ചത്. രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയം നേടിയെന്ന പ്രത്യേകതയുമുണ്ട്

അതേസമയം, വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ മികച്ച ഫോമിൽ ബാറ്റു ചെയ്യുമ്പോൾ സഞ്ജു നിർഭാഗ്യകരമായ രീതിയിൽ പുറത്തായതിന്റെ വിഷമവും ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 79 റൺസുമായി തകർച്ചയെ അഭിമുഖീകരിക്കുമ്പോഴാണ് വെറും രണ്ട് രാജ്യാന്തര ഏകദിനങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള സഞ്ജു ക്രീസിലെത്തുന്നത്. പിന്നീട് ശ്രേയസ് അയ്യർക്കൊപ്പം തകർപ്പൻ കൂട്ടുകെട്ട് തീർത്താണ് താരം ടീമിനെ കരകയറ്റിയത്. ഒരു വശത്ത് അയ്യർ നിലയുറപ്പിച്ചു കളിച്ചപ്പോൾ, കൂടുതൽ ആക്രമിച്ച് കളിച്ചാണ് സഞ്ജു ടീമിന്റെ രക്ഷകനായത്. ഇരുവരും ചേർന്ന് 93 പന്തിൽ കൂട്ടിച്ചേർത്ത 99 റൺസാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് ക്യാപ്റ്റൻ ശിഖർ ധവാൻ മത്സരശേഷം തുറന്നുപറയുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് നിർഭാഗ്യകരമായി സഞ്ജു റണ്ണൗട്ടായത്. 51 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 54 റൺസെടുത്ത സഞ്ജു, 39–ാം ഓവറിലെ നാലാം പന്തിലാണ് പുറത്തായത്. അതും റണ്ണൗട്ടിലൂടെയായിരുന്നു പുറത്താകൽ. മറുവശത്തു നിന്ന ദീപക് ഹൂഡയാണ് സഞ്ജുവിന്റെ പുറത്താകലിനു കാരണക്കാരനെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തുകയും ചെയ്തു. ഇല്ലാത്ത റണ്ണിനോടാൻ സഞ്ജുവിനെ നിർബന്ധിച്ചത് ഹൂഡയാണെന്നാണ് അവരുടെ ആരോപണം. അയർലൻഡിൽ വച്ച് ട്വന്റി20യിലും ഹൂഡ സമാനമായ രീതിയിൽ സഞ്ജുവിനെ പുറത്താക്കിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ബാറ്റിങ്ങിൽ മാത്രമല്ല, പിന്നീട് വിക്കറ്റിനു പിന്നിലും സഞ്ജു തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഏകദിനത്തിൽ അവസാന ഓവറിൽ മുഹമ്മദ് സിറാജിന്റെ ബൗണ്ടറി ലക്ഷ്യമാക്കി നീങ്ങിയ വൈഡ് പന്ത് മുഴുനീള ഡൈവിങ്ങിലൂടെ തടുത്തിട്ടാണ് സഞ്ജു ടീമിന്റെ രക്ഷകനായത്. രണ്ടാം ഏകദിനത്തിലും ഇതേ സിറാജിന്റെ പന്ത് മുഴുനീള ഡൈവിങ്ങിലൂടെ തടുത്തിട്ട് ബൗണ്ടറി രക്ഷപ്പെടുത്തുന്ന സഞ്ജുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

എക്കാലവും സഞ്ജുവിന് ഉറച്ച പിന്തുണ നൽകിയിട്ടുള്ള ഇയാൻ ബിഷപ്പ് ഉൾപ്പെടെയുള്ളവർ സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തെ പുകഴ്ത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘സഞ്ജു സാംസണിന് രാജ്യാന്തര ഏകദിനത്തിലെ ആദ്യ അർധസെഞ്ചറി. വരാനിരിക്കുന്ന ഒട്ടേറെ സമാനമായ ഇന്നിങ്സുകളിൽ ആദ്യത്തേതാകട്ടെ ഇതെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതീക്ഷ’ – ഇയാൻ ബിഷപ്പ് കുറിച്ചു.

സഞ്ജു ബാറ്റു ചെയ്യുമ്പോൾ കമന്ററി ബോക്സിൽ ഇയാൻ ബിഷപ്പുള്ളത് വ്യത്യസ്തമായ ഒരു അനുഭൂതിയാണെന്നായിരുന്നു ഒരു ആരാധകന്റെ കുറിപ്പ്. ‘പേരിലും കളിയിലും സാംസൺ തന്നെ (Samson by namd, Samson by game). സഞ്ജുവിന് പ്രതിഭയുണ്ടെന്ന് വ്യക്തമാണ്. മാത്രമല്ല, അദ്ദേഹം ചെറുപ്പവുമാണ്’ – കമന്ററി ബോക്സിൽ ഇയാൻ ബിഷപ്പ് പറഞ്ഞ വാക്കുകളെന്ന് ഇതേ ആരാധകന്റെ ട്വീറ്റ്.

What's Your Reaction?

like

dislike

love

funny

angry

sad

wow