മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിന്റെ പഠിപ്പെത്ര? ചോദിച്ച് ഗവർണർ, ഉത്തരമില്ലാതെ സർക്കാർ
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ഇതു സംബന്ധിച്ച ഉത്തരവും ചീഫ് സെക്രട്ടറി രാജ്ഭവനു കൈമാറിയെങ്കിലും, വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയില്ല. പഴ്സനൽ സ്റ്റാഫിന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വീണ്ടും കത്തു നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല.
മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നതിനെതിരെ പരസ്യമായി നിലപാടെടുത്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പഴ്സനൽ സ്റ്റാഫിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞെങ്കിലും മറുപടി നൽകാതെ സർക്കാർ. പഴ്സനൽ സ്റ്റാഫ് വിഷയത്തിൽ സർക്കാരുമായി തർക്കം നിലനിൽക്കുമ്പോഴാണ്, പഴ്സനൽ സ്റ്റാഫുകളുടെ എണ്ണവും ശമ്പള സ്കെയിലും വിദ്യാഭ്യാസ യോഗ്യതയും ഗവർണറുടെ ഓഫിസ് ചീഫ് സെക്രട്ടറിയോട് ആരാഞ്ഞത്
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ പേരും ശമ്പളവും ഇതു സംബന്ധിച്ച ഉത്തരവും ചീഫ് സെക്രട്ടറി രാജ്ഭവനു കൈമാറിയെങ്കിലും, വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയില്ല. പഴ്സനൽ സ്റ്റാഫിന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വീണ്ടും കത്തു നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. പഴ്സനൽ സ്റ്റാഫിൽ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഇല്ലാത്തതിനാലാണ് ഈ ഒളിച്ചുകളിയെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.
സർക്കാരിനോട് വിവരങ്ങൾ ആരാഞ്ഞതിനു പിന്നാലെ ഗവർണർ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും കത്തയച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ പഴ്സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടിയും ഗവർണർക്കു മറുപടി നൽകിയില്ല. പഴ്സനൽ സ്റ്റാഫ് വിഷയം പ്രശ്നമല്ലാത്ത ബിജെപി പോലും മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
സർക്കാർ സർവീസിലുള്ളവരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും പാർട്ടി അനുകൂലികളെ ശുപാർശയുടെ അടിസ്ഥാനത്തിലും പഴ്സനൽ സ്റ്റാഫിൽ നിയമിക്കാറുണ്ട്. സർക്കാർ ജീവനക്കാർക്ക് ജോലിയുടെ ഭാഗമായുള്ള പെൻഷനാണ് ലഭിക്കുക. രാഷ്ട്രീയ നിയമനം ലഭിക്കുന്നവർ രണ്ടു വർഷം പൂർത്തിയാക്കിയാൽ പെൻഷൻ ലഭിക്കും. വിവിധ തസ്തികകളിലുള്ളവർക്ക് 30,000 രൂപ മുതൽ 1,60,000 രൂപ വരെ ശമ്പളം ലഭിക്കും. കുറഞ്ഞ പെൻഷൻ 3550 രൂപയും പരമാവധി പെൻഷൻ 83,400 രൂപയുമാണ്. ഡിഎ, എച്ച്ആർഎ, മെഡിക്കൽ ആനുകൂല്യങ്ങൾ, ക്വാർട്ടേഴ്സ് തുടങ്ങിയവയുമുണ്ട്. പിഎസ്‌സി ജോലിക്കായി വലിയൊരു വിഭാഗം യുവതീയുവാക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് രാഷ്ട്രീയ സ്വാധീനത്താൽ ഉയർന്ന ശമ്പളത്തിൽ പഴ്സനൽ സ്റ്റാഫിൽ നിയമിക്കുന്നത്.
മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവർക്ക് 545 പഴ്സനൽ സ്റ്റാഫാണുള്ളത്. ഇതിൽ രാഷ്ട്രീയ നിയമനം ലഭിച്ച 385 പേർ പെൻഷൻ വാങ്ങുന്നതായി ഗവർണർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
∙ റിപ്പോർട്ടിലെ കണക്ക് ഇങ്ങനെ
∙ മുഖ്യമന്ത്രി– ആകെ സ്റ്റാഫ് (31) പെൻഷന് അർഹതയുള്ളവർ (22)
∙ കൃഷിമന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (16)
∙ മൃഗസംരക്ഷണ മന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (17)
∙ സഹകരണമന്ത്രി– ആകെ സ്റ്റാഫ് (20) പെൻഷന് അർഹതയുള്ളവർ (15)
∙ വൈദ്യുതി മന്ത്രി– ആകെ സ്റ്റാഫ് (23) പെൻഷന് അർഹതയുള്ളവർ (15)
∙ ധനമന്ത്രി– ആകെ സ്റ്റാഫ് (20) പെൻഷന് അർഹതയുള്ളവർ (14)
∙ സാംസ്കാരിക മന്ത്രി– ആകെ സ്റ്റാഫ് (25) പെൻഷന് അർഹതയുള്ളവർ (19)
∙ ഭക്ഷ്യമന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (16)
∙ വനംമന്ത്രി– ആകെ സ്റ്റാഫ് (25), പെൻഷന് അർഹതയുള്ളവർ (13)
∙ വിദ്യാഭ്യാസ മന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (18)
∙ ആരോഗ്യമന്ത്രി– ആകെ സ്റ്റാഫ് (25) പെൻഷന് അർഹതയുള്ളവർ (18)
∙ ഉന്നതവിദ്യാഭ്യാസ മന്ത്രി– ആകെ സ്റ്റാഫ് (22) പെൻഷന് അർഹതയുള്ളവർ (17)
∙ വ്യവസായമന്ത്രി– ആകെ സ്റ്റാഫ് (22) പെൻഷന് അർഹതയുള്ളവർ (13)
∙ തദ്ദേശമന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (18)
∙ തുറമുഖമന്ത്രി– ആകെ സ്റ്റാഫ് (25) പെൻഷന് അർഹതയുള്ളവർ (18)
∙ മരാമത്ത്മന്ത്രി– ആകെ സ്റ്റാഫ് (23) പെൻഷന് അർഹതയുള്ളവർ (17)
∙ റവന്യൂമന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (17)
∙ ദേവസ്വം മന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (19)
∙ കായികമന്ത്രി– ആകെ സ്റ്റാഫ് (24) പെൻഷന് അർഹതയുള്ളവർ (18)
∙ ഗതാഗതമന്ത്രി– ആകെ സ്റ്റാഫ് (21) പെൻഷന് അർഹതയുള്ളവർ (17)
∙ ജലവിഭവമന്ത്രി– ആകെ സ്റ്റാഫ് (22) പെൻഷന് അർഹതയുള്ളവർ (16)
∙ പ്രതിപക്ഷനേതാവ്– ആകെ സ്റ്റാഫ് (25) പെൻഷന് അർഹതയുള്ളവർ (13)
∙ ചീഫ് വിപ്പ്– ആകെ സ്റ്റാഫ് (24 പെൻഷന് അർഹതയുള്ളവർ (19)
English Summary: Kerala Governor Arif Mohammad Khan Seeks Educational Qualification Of The Personal Staff Of Ministers, Government Keeps Mum
What's Your Reaction?