ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ രണ്ട് വമ്പൻ ക്ലബ്ബുകൾ രംഗത്ത്; മറ്റ് ചില ക്ലബ്ബുകൾ താരത്തെ സമീപിച്ചെന്നും റിപ്പോർട്ട്

Apr 16, 2022 - 18:19
 0
ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ രണ്ട് വമ്പൻ ക്ലബ്ബുകൾ രംഗത്ത്; മറ്റ് ചില ക്ലബ്ബുകൾ താരത്തെ സമീപിച്ചെന്നും റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനമാണ് ഇക്കഴിഞ്ഞ സീസണിൽ പുറത്തെടുത്തത്. ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച് ഐ എസ് എൽ ഫൈനൽ വരെ കുതിച്ചെത്തിയ ടീമിന് കലാശപ്പോരാട്ടത്തിൽ കാലിടറിയെങ്കിലും തല ഉയർത്തിത്തന്നെയാണ് അവർ സീസൺ അവസാനിപ്പിച്ചത്. ടീമിലെ വിദേശ, സ്വദേശ താരങ്ങൾ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ചതായിരുന്നു ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്ന കുതിപ്പിന് പിന്നിൽ നിർണായകമായത്. അത് കൊണ്ടു തന്നെ ഇക്കുറി കളിച്ച അതേ ടീമിനെ വരും സീസണിലും ബ്ലാസ്റ്റേഴ്സ് നിലനിർത്തണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമാണ്. എന്നാൽ അത് സംഭവിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്‌‌. അതിനിടെ ഇപ്പോളിതാ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച സ്പാനിഷ് സൂപ്പർ താരം അൽവാരോ വാസ്ക്വസിനെ നോട്ടമിട്ട് ചില ഐ എസ് എൽ ക്ലബ്ബുകൾ രംഗത്തുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരിക്കുന്നു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്ന അൽവാരോ വാസ്ക്വസിനെ സ്വന്തമാക്കാൻ കൊൽക്കത്തൻ ക്ലബ്ബായ എടികെ മോഹൻ ബഗാന് വലിയ ‌താല്പര്യമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൊൽക്കത്ത 24×7 ആണ് ഈ വാർത്ത പുറത്ത് വിട്ടത്. നിലവിൽ ഐ എസ് എല്ലിൽ സാമ്പത്തികപരമായി ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ് എടികെ മോഹ‌ൻ ബഗാൻ‌. അതിനാൽ താരത്തെ ടീമിലെത്തിക്കണമെങ്കിൽ പണം ക്ലബ്ബിന് ഒരു പ്രശ്നമാകില്ല.

2021-22 സീസൺ ഐ എസ് എല്ലിൽ ഏറ്റവും കുറച്ച് ഗോളുകളടിച്ച ടീമാണ് ചെന്നൈയി‌ൻ എഫ് സി. അത് കൊണ്ടു‌തന്നെ വരും സീസണിൽ ഒരു മികച്ച വിദേശ മുന്നേറ്റ താരത്തെ ടീമിലെത്തിച്ച് ആക്രമണ നിര ശക്തമാക്കുന്നതിനാവും ചെന്നൈയിൻ എഫ് സിയുടെ ആദ്യ ശ്രമം. ഈ‌ സ്ഥാനത്തേക്ക് അൽവാരോ വാസ്ക്വസിനെ കൊണ്ടു വരാൻ ക്ലബ്ബിന് താല്പര്യമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനായി വമ്പൻ തുക മുടക്കാൻ അവർ തയ്യാറാകുമോയെന്ന് കണ്ടറിയണം.

​എടികെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ് സി‌ ടീമുകൾക്ക് പുറമേ ഐ എസ് എല്ലിലെ മറ്റ് ചില ക്ലബ്ബുകൾക്കും വാസ്ക്വസിൽ കണ്ണുണ്ടെന്നാണ് കൊൽക്കത്ത 24×7 ചൂണ്ടിക്കാട്ടുന്നത്. ഐ എസ് എല്ലിൽ മികവ് കാട്ടിക്കഴിഞ്ഞ‌ വിദേശ താരമെന്നത് വാസ്ക്വസിന്റെ ഡിമാൻഡ് വർധിപ്പിക്കുമെന്നാണ് സൂചന. പല ഐ എസ് എൽ ടീമുകളും കരാർ കാര്യവുമായി താരത്തെ സമീപിച്ചെങ്കിലും അദ്ദേഹം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഉജ്ജ്വല ഫോമിൽ കളിച്ച വാസ്ക്വസിനെത്തേടി ചൈനീസ് ലീഗിൽ നിന്നും, അമേരിക്ക‌ൻ മേജർ ലീഗ് സോക്കറിൽ നിന്നും ഓഫറുകൾ വന്നെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിൽ ചൈനീസ് ലീഗിൽ നിന്ന് ലഭിച്ച ഓഫർ അദ്ദേഹം നിരസിച്ചുവെന്നാണ് റിപ്പോർട്ട്. മറ്റ് ഓഫറുകളോടും അദ്ദേഹം കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന‌ വിവരം.

കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയ 2021-22 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉജ്ജ്വല പ്രകടനമായിരുന്നു സ്പാനിഷ് മുന്നേറ്റ താരം അൽവാരോ വാസ്ക്വസിന്റേത്. സീസണിൽ മൊത്തം 23 മത്സരങ്ങൾ കളിച്ച അദ്ദേഹം എട്ട് ഗോളുകൾ നേടിയതിനൊപ്പം, 2 ഗോളുകൾക്ക് വഴിയുമൊരുക്കി. ലോങ് റേഞ്ചർ ഗോളുകളുടെ ആശാനായ അൽവാരോക്ക് ഒരു വർഷ കരാറായിരുന്നു ബ്ലാസ്റ്റേഴ്സുമായി ഉണ്ടായിരുന്നത്. താരത്തിന്റെ കരാർ പുതുക്കണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, മാനേജ്മെന്റ് അതിന് വേണ്ട നീക്കങ്ങൾ നടത്തുന്നുണ്ടോയെന്ന കാര്യം സംശയമാണ്.


അൽവാരോ വാസ്ക്വസും, അർജന്റൈൻ താരം ജോർജെ പെരെയ്ര ഡയസും ചേർന്നുള്ള ജോഡിയായിരുന്നു പോയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയെ നയിച്ചത്. ആക്രമണത്തിൽ ഇരുവരും പുറത്തെടുത്ത മിന്നും പ്രകടനം ടീമിന്റെ ഫൈനൽ പ്രവേശനത്തിലും നിർണായകമായി. എന്നാൽ അടുത്ത വർഷം ഈ മുന്നേറ്റ നിര പൊളിയുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അൽവാരോ വാസ്ക്വസിന് പുറമേ, ലോണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ഡയസും ഇനി ക്ലബ്ബിലേക്ക് തിരിച്ചു വന്നേക്കില്ലെന്ന റിപ്പോർട്ടുകൾ ശക്തമായതോടെയാണിത്. ടീമിന്റെ കുന്തമുനയായിരുന്ന ഡയസ്-വാസ്ക്വസ് സഖ്യമില്ലെങ്കിൽ വരും സീസണിൽ ടീമിന് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാകും.

അർജന്റൈൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലേറ്റൻസിൽ നിന്ന് ഒരു വർഷ ലോൺ കരാറിലായിരുന്നു അർജന്റൈൻ താരം ജോർജെ പെരെയ്ര ഡയസ് കഴിഞ്ഞ സീസണ് മുൻപ് ബ്ലാസ്റ്റേഴ്സിലെത്തിയത്. അതിവേഗം ടീമുമായി ഒത്തിണങ്ങിയ താരം വളരെ പെട്ടെന്ന് ബ്ലാസ്റ്റേഴ്സിന്റെ അവിഭാജ്യ ഘടകവുമായി. 2021-22 സീസൺ ഐ എസ് എല്ലിൽ മൊത്തം 21 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ഡയസ് 8 ഗോളുകൾ നേടിയതിനൊപ്പം, ഒരു ഗോളിന് അസിസ്റ്റും ചെയ്തു.


2021 ൽ രണ്ട് വർഷ കരാറിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഉറുഗ്വെൻ മധ്യനിര മാന്ത്രികൻ അഡ്രിയൻ ലൂണയുമായി ക്ലബ്ബ് പുതിയ കരാറിൽ ഒപ്പു വെച്ചു കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പുതിയ കരാർ പ്രകാരം ലൂണ 2025 വരെ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച, ടീമിന്റെ ഏറ്റവും പ്രധാന താരമായ ലൂണയുടെ കരാർ പുതുക്കിയത് ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow