ഇനി തോന്നുമ്പോഴൊക്കെ എടിഎമ്മിൽ നിന്ന് കാശെടുത്താൽ കൈപൊള്ളും

Dec 4, 2021 - 18:06
 0
ഇനി തോന്നുമ്പോഴൊക്കെ എടിഎമ്മിൽ നിന്ന് കാശെടുത്താൽ കൈപൊള്ളും

ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തമാസം മുതല്‍ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ ചെലവ് ഉയരും. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളിലെ സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി മറികടന്നാല്‍ ഉപഭോക്താക്കള്‍ അടുത്ത മാസം മുതല്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരും. എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന നിരക്കില്‍ വര്‍ധന വരുത്താന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ജനുവരി ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

അടുത്ത മാസം മുതല്‍, സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞ് നടത്തുന്ന ഓരോ ഇടപാടിനും 20 രൂപയ്ക്ക് പകരം ഉപഭോക്താക്കളില്‍ നിന്നും 21 രൂപ വീതം ബാങ്കുകള്‍ ഈടാക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എടിഎം ഇടപാടുകളുടെ സര്‍വീസ് ചാര്‍ജ് ആര്‍ബിഐ ഉയര്‍ത്തുന്നത്. എടിഎമ്മിന്റെ ചെലവുകളിലുണ്ടായ വര്‍ധനയും ഉയര്‍ന്ന ഇന്റര്‍ചേഞ്ച് ഫീസിനുള്ള നഷ്ടപരിഹാരവും കണക്കിലെടുത്താണ് ആര്‍ബിഐ എടിഎം ഇടപാടുകളുടെ ചാര്‍ജുകള്‍ ഉയര്‍ത്താന്‍ തീരുമാനം എടുത്തത്.

ഇടപാടുകൾ കരുതലോടെ മാത്രം

ഉപയോക്താക്കള്‍ക്ക് സൗജന്യ ഇടപാടുകളുടെ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകള്‍ക്ക് ജനുവരി 1 മുതല്‍ ചാര്‍ജ് ഉയര്‍ത്താന്‍ ആർബിഐ കഴിഞ്ഞ ജൂണിലാണ് അനുവാദം നല്‍കിയത്. സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് (സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പെടെ) അര്‍ഹതയുണ്ടായിരിക്കും. മെട്രോ കേന്ദ്രങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മൂന്ന് സൗജന്യ ഇടപാടുകളും മെട്രോ ഇതര കേന്ദ്രങ്ങളില്‍ അഞ്ച് ഇടപാടുകളും അവര്‍ക്ക് നടത്താനാകും.

ഇതിനുപുറമെ, എല്ലാ കേന്ദ്രങ്ങളിലും സാമ്പത്തിക ഇടപാടുകളുടെ ഇന്റര്‍ചേഞ്ച് ഫീസ് 15 രൂപയില്‍ നിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകളുടേത് 5 രൂപയില്‍ നിന്ന് 6 രൂപയായും വര്‍ധിപ്പിക്കാനും ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയത് ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow