റെയ്‌സിയെ 12 മണിക്കൂര്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായിട്ടില്ല
ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ 12 മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലും കണ്ടെത്താനായിട്ടില്ല. ഇതേ തുടര്‍ന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു.
അതേസമയം, രക്ഷാദൗത്യത്തിന് ഇറാന് സഹായവവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെ അയച്ചതായി ഇരുരാജ്യങ്ങളും അറിയിച്ചു. പ്രത്യേക പരിശീലനം ലഭിച്ച 47 പേരടങ്ങുന്ന സംഘത്തേയും ഒരു ഹെലികോപ്റ്ററും റഷ്യ അയച്ചതായാണ് റിപ്പോര്‍ട്ട്.
ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റര്‍ അപകടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക അറിയിച്ചു. ഈ അവസരത്തില്‍ തങ്ങള്‍ ഇറാന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. പ്രസിഡന്റിന്റേയും അദ്ദേഹത്തിനൊപ്പമുള്ളവരുടേയും ക്ഷേമത്തിനായി പ്രാര്‍ഥിക്കുവന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.
റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ അവധിക്കാലം വെട്ടിച്ചുരുക്കി അടിയന്തര യോഗത്തിനായി വൈറ്റ് ഹൗസിലേക്ക് മടങ്ങി.
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്ടര്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള അസര്‍ബൈജാന്‍ അതിര്‍ത്തിയ്ക്ക് സമീപമുള്ള ജോല്‍ഫ നഗരത്തിലാണ് അപകടത്തില്‍പ്പെട്ടത്. ഇറാന്‍ വിദേശകാര്യ മന്ത്രിയുള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്നതായാണ് വിവരം. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് കനത്ത കാറ്റും മഴയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം കിഴക്കന്‍ അസര്‍ബൈജാനില്‍ ക്വിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇറാന്‍ പ്രസിഡന്റ്. അരാസ് നദിയില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച മൂന്നാമത്തെ അണക്കെട്ടാണ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.
What's Your Reaction?