'റേവ് പാർട്ടിക്കിടെ വൻ ലഹരിവേട്ട'; സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിൽ
ബംഗളൂരുവില്‍ റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ ലഹരിവേട്ടയിൽ സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിലായി. തെലുങ്ക് സിനിമാ താരങ്ങൾ അടക്കം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണെന്നാണ് സൂചന. ബെംഗളുരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ജിആർ ഫാംഹൗസിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത്. റെയ്ഡിൽ നിരോധിത ലഹരിവസ്‌തുക്കൾ വലിയ അളവിൽ കണ്ടെടുത്തിട്ടുണ്ട്. 17 എംഡിഎംഎ ഗുളികകളും കൊക്കെയ്നും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
പുലർച്ചെ മൂന്നു മണിയോടെയാണ് റെയ്‌ഡ് നടന്നത്. ഹൈദരാബാദില്‍ നിന്നുള്ള വാസു എന്ന ആളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പിറന്നാളാഘോഷം എന്ന് കരുതപ്പെടുന്ന പാര്‍ട്ടിക്ക് പുലര്‍ച്ചെ 2 മണി വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഈ സമയം കഴിഞ്ഞും ആഘോഷം നീണ്ടതോടെയാണ് സിസിബിയുടെ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
30- 50 ലക്ഷം ചെലവാക്കിയാണ് സംഘാടകര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർട്ടി നടന്ന സ്‌ഥലത്തു നിന്നും പൊലീസ് പിടിച്ചെടുത്ത വാഹനത്തിൽനിന്ന് ഒരു ആന്ധ്രപ്രദേശ് എംഎൽഎയുടെ പാസ്പോർട്ടും കണ്ടെത്തി. തെലുങ്ക് സിനിമാ താരങ്ങളാണ് പിടിയിലായത് എന്നാണ് റിപ്പോർട്ടുകൾ. 25 യുവതികൾ ഉൾപ്പെടെ ആന്ധ്ര, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള നൂറോളം പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. പതിനഞ്ചിലേറെ ലക്ഷ്വറി കാറുകളാണ് ഫാം ഹൗസിന് സമീപം ഉണ്ടായിരുന്നത്.
What's Your Reaction?