മോഹൻ ബഗാനെ തകർത്തെറിഞ്ഞ് ഗോകുലം; എഎഫ്‌സി കപ്പിൽ ഐ ലീഗ് ചാമ്പ്യന്മാർക്ക് മിന്നും തുടക്കം

ഐ ലീഗിൽ കിരീടം നേടാൻ നടത്തിയ പ്രകടനം എഎഫ്‌സി കപ്പിലും (AFC Cup) തുടർന്ന് ഗോകുലം കേരള എഫ്‌സി (Gokulam Kerala FC).

മോഹൻ ബഗാനെ തകർത്തെറിഞ്ഞ് ഗോകുലം; എഎഫ്‌സി കപ്പിൽ ഐ ലീഗ് ചാമ്പ്യന്മാർക്ക് മിന്നും തുടക്കം

ഐ ലീഗിൽ കിരീടം നേടാൻ നടത്തിയ പ്രകടനം എഎഫ്‌സി കപ്പിലും (AFC Cup) തുടർന്ന് ഗോകുലം കേരള എഫ്‌സി (Gokulam Kerala FC). ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത ക്ലബായ എടികെ മോഹൻ ബഗാനെ (ATK Mohun Bagan) തകർത്ത് ടൂർണമെന്റിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഐ ലീഗ് ചാമ്പ്യന്മാർ. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം ജയിച്ചത്.

ടീമിന്റെ സ്റ്റാർ സ്‌ട്രൈക്കർ ലൂക്ക മെയ്സൻ (50',65 മിനിറ്റ്) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ റിഷാദ് (57'), എം എസ് ജിതിൻ (89') എന്നിവർ ഓരോ ഗോൾ വീതം നേടി. മോഹൻ ബഗാന് വേണ്ടി പ്രീതം കോട്ടൽ (53'), ലിസ്റ്റൺ കൊളാസോ (80') എന്നിവരാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു ആറ് ഗോളുകളും പിറന്നത്.

ആദ്യ പകുതി ഗോൾരഹിതമായി പിരിഞ്ഞതിന് ശേഷം രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റായപ്പോഴാണ് മത്സരത്തിന്റെ സമനിലപ്പൂട്ട് പൊട്ടിച്ച് ലൂക്ക മെയ്സനിലൂടെ ഗോകുലം ലീഡ് നേടിയത്. താഹില്‍ സമാൻ നൽകിയ പാസിൽ നിന്നും ലൂക്ക പന്ത് വലയിലേക്ക് അടിച്ചുവിടുകയായിരുന്നു. എന്നാൽ ഗോകുലത്തിന് ഈ ലീഡ് അധികനേരം കൈവശം വെക്കാൻ കഴിഞ്ഞില്ല. മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ബഗാൻ തിരിച്ചടിച്ചു. ലിസ്റ്റൺ കൊളാസോയുടെ അസിസ്റ്റില്‍ നിന്നും പ്രീതം കോട്ടൽ ബഗാനെ ഒപ്പമെത്തിക്കുകയായിരുന്നു.

എന്നാൽ ബഗാൻ ഗോൾ നേടി നാല് മിനിറ്റുകൾക്കുള്ളിൽ വീണ്ടും തിരിച്ചടിച്ച് ഗോകുലം മത്സരത്തിൽ വീണ്ടും ലീഡ് നേടി. 57-ാം മിനിറ്റിൽ റിഷാദാണ് ഗോകുലത്തിന് ലീഡ് നേടിക്കൊടുത്തത്. പിന്നാലെ 65-ാ൦ മിനിറ്റിൽ ജോർദാൻ ഫ്ലച്ചറിന്റെ പാസിൽ നിന്നും പന്ത് വലയിലെത്തച്ച് ലൂക്ക ഡബിൾ പൂർത്തിയാക്കിക്കൊണ്ട് ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടി. മത്സരം ഗോകുലത്തിന് തന്നെ സ്വന്തമെന്ന് കരുതിയിരിക്കെ 80-ാ൦ മിനിറ്റിൽ ഫ്രീകിക്ക് ഗോളിലൂടെ ലിസ്റ്റൺ കൊളാസോ ബാഗാന്റെ രണ്ടാം ഗോൾ നേടി തിരിച്ചുവരവിന്റെ സൂചനകൾ നൽകി. എന്നാൽ സമനില ഗോളിനായ് ബഗാൻ താരങ്ങൾ കിണഞ്ഞു പരിശ്രമിക്കവേ 89-ാ൦ മിനിറ്റിൽ ഗോൾ നേടി ജിതിൻ ഗോകുലത്തിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

എഫ്‌സി കപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് ഗോകുലം. ഗോകുലത്തെയും ബഗാനെയും കൂടാതെ ബംഗ്ലാദേശ് ക്ലബ്ബ് ബഷുന്ധര കിങ്സ്, മാലദ്വീപ് ക്ലബ്ബ് മാസിയ എന്നിവരാണുള്ളത്. ഗ്രൂപ്പ് ജേതാക്കള്‍ക്ക് മാത്രമേ ഇന്റര്‍സോണ്‍ പ്ലേ ഓഫ് സെമിഫൈനലിലേക്ക് യോഗ്യത ലഭിക്കൂവെന്നതിനാൽ എല്ലാ മത്സരവും നിർണായകമാണ്. 21-ന് മാസിയക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.