കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും പരിശീലകന്‍റെയും അപ്പീല്‍ തള്ളി; 4 കോടി രൂപ പിഴയടക്കണമെന്ന് AIFF
AIFF Appeal Committee rejects appeals by Kerala Blasters and Ivan Vukomanovic
നാലുകോടി രൂപ പിഴ ചുമത്തിയതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് നല്‍കിയ അപ്പീല്‍ തള്ളി. ഐഎസ്എല്ലിൽ ബെംഗളൂരു എഫ്.സിയ്‌ക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളം വിട്ട കേരള ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി രൂപ പിഴയിട്ടിരുന്നു.
ഇതിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സും പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ചും അപ്പിൽ നൽകിയിരുന്നു. അക്ഷയ് ജെയ്റ്റി തലവനായ അപ്പീല്‍ കമ്മിറ്റിയാണ് അപ്പീല്‍ തള്ളിയത്. ഇതോടെ വരുന്ന രണ്ടാഴ്ചയ്ക്കകം ബ്ലാസ്‌റ്റേഴ്‌സും വുകുമനോവിച്ചും പിഴയായി ലഭിച്ച തുക അടയ്ക്കണം.
മാര്‍ച്ച് 31 നാണ് എ.ഐ.ഐ.എഫ്. അച്ചടക്ക സമിതി ക്ലബ്ബിന് ശിക്ഷ വിധിച്ചത്. പരസ്യമായി മാപ്പുപറയണമെന്നും അച്ചടക്ക സമിതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം ബ്ലാസ്റ്റേഴ്‌സ് ആറുകോടി രൂപയും വുകുമനോവിച്ച് 10 ലക്ഷം രൂപയും പിഴയായി ഒടുക്കേണ്ടിവരുമെന്ന് വ്യക്തമാക്കുകയും ചെയ്തു. മാപ്പു പറഞ്ഞതോടെ പിഴത്തുക കുറച്ചിരുന്നു.
മത്സരം പൂര്‍ത്തിയാക്കാതെ ടീമിനെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിച്ച പരിശീലകന്‍ വുകുമനോവിച്ചിന് അഞ്ച് ലക്ഷം രൂപ പിഴയായി വിധിച്ചിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് പരിശീലകന് വിലക്കും ഏർപ്പെടുത്തിയിരുന്നു. പ്ലേ ഓഫ് മത്സരത്തിനിടെ എക്‌സ്ട്രാ ടൈമില്‍ ബെംഗളൂരു നേടിയ വിവാദഗോളിനെത്തുടര്‍ന്നാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഗ്രൗണ്ട് വിട്ടത്.
What's Your Reaction?