റയൽ മാഡ്രിഡിന് ചാംപ്യൻസ് ലീഗ് കിരീടം
2018നു ശേഷം ഇതാദ്യവും. അന്ന് ഫൈനലില്‍ തോല്‍പിച്ചതും ലിവര്‍പൂളിനെത്തന്നെയായിരുന്നു. 15 ഗോളുകള്‍ നേടിക്കൊണ്ട് റയലിന്റെ കരിം ബെന്‍സേമ ചാംപ്യൻസ് ലീഗിലെ ടോപ്സ്‌കോറര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് യുവേഫ ചാംപ്യൻസ് ലീഗ് കിരീടം. ഫൈനലിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ നേടിയ ഗോളിൽ ലിവർപൂളിനെ 1-0ന് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് 14-ാം തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയത്. 2018നു ശേഷം ഇതാദ്യവും. അന്ന് ഫൈനലില്‍ തോല്‍പിച്ചതും ലിവര്‍പൂളിനെത്തന്നെയായിരുന്നു. 15 ഗോളുകള്‍ നേടിക്കൊണ്ട് റയലിന്റെ കരിം ബെന്‍സേമ ചാംപ്യൻസ് ലീഗിലെ ടോപ്സ്‌കോറര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഒരു പോയിന്‍റിന് മാഞ്ചസ്റ്റർ സിറ്റിക്ക് അടിയറവെച്ചതിന് പിന്നാലെ ചാംപ്യൻസ് ലീഗ് ഫൈനലിലെ തോൽവി ലിവർപൂൾ ആരാധകർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്.
മാഡ്രിഡ് പ്രതിരോധത്തെ നിരന്തരം സമ്മർദ്ദത്തിലാക്കി ലിവർപൂൾ ആണ് തുടക്കം മുതൽ ആധിപത്യം പുലർത്തിയത്. ഇംഗ്ലീഷ് ടീം ആദ്യം പകുതിയിൽ അഞ്ച് ഷോട്ടുകൾ ഗോളിലേക്ക് പായിച്ചെങ്കിലും അവയ്ക്ക് പക്ഷേ റയൽ ഗോളി തിബോട്ട് കോർട്ടോയിസിനെ മറികടക്കാനായില്ല.
ഇതിനിടെ റയൽ മാഡ്രിഡിന്‍റെ ശ്രമങ്ങൾ രണ്ട് തവണ ലിവർപൂൾ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഫോമിലുള്ള സ്‌ട്രൈക്കർ ബെൻസീമ അതിനിടെ ഗോൾ ഉറപ്പിച്ചെങ്കിലും ഓഫ്‌സൈഡായതിനാൽ ഗോൾ അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് പ്രതിരോധത്തിൽ സമ്മർദം ചെലുത്തി ലിവർപൂൾ തുടങ്ങിയെങ്കിലും വിനീഷ്യസ് ജൂനിയർ നേടിയ ഗോളിൽ റയൽ മാഡ്രിഡ് സമനിലപ്പൂട്ട് തകർത്തു. 58 മിനുട്ട് നീണ്ട കളിക്ക് ശേഷം ഫെഡറിക്കോ വാൽവെർഡെ നൽകിയ ലോ ക്രോസ് ബ്രസീലിയൻ മുന്നേറ്റക്കാരന് പിഴവ് കൂടാതെ വലയിൽ എത്തിക്കുകയായിരുന്നു.
ഫൈനലിൽ റയൽ മാഡ്രിഡിന് വേണ്ടി ഗോൾ നേടിയത് വിനീഷ്യസ് ജൂനിയർ ആയിരുന്നെങ്കിലും കളിയിലെ യഥാർഥ താരം അവരുടെ ഗോളി കോർട്ടോയിസ് ആയിരുന്നു. എണ്ണം പറഞ്ഞ 9 സേവുകളുമായാണ് അദ്ദേഹം റയലിന്‍റെ കിരീടനേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചത്. ക്ലോസ് റേഞ്ചിൽ നിന്ന് മുഹമ്മദ് സലായുടെ ഷോട്ട് വലത് കൈ നീട്ടി തടഞ്ഞ കോർട്ടോയിസിന്‍റെ പ്രകടനം ലിവർപൂളിന്‍റെ എല്ലാ പ്രതീക്ഷകളും തകർക്കുന്നതായിരുന്നു.
കളിയുടെ അവസാന നിമഷങ്ങൾ വരെ ഒപ്പമെത്താൻ കിണഞ്ഞുപരിശ്രമിച്ച ലിവർപൂൾ ആക്രമണങ്ങൾക്ക് മുന്നിൽ, റയൽ മാഡ്രിഡ് ഉറച്ചുനിന്നു. ഡേവിഡ് അലബയുടെ നേതൃത്വത്തിലുള്ള പ്രതിരോധം കളിയിലുടനീളം മിന്നുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തത് അവർക്ക് രക്ഷയായി.
What's Your Reaction?