ഏകദിന റാങ്കിങില്‍ ശുഭ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും ഒന്നാമത്

Nov 9, 2023 - 16:59
 0
ഏകദിന റാങ്കിങില്‍ ശുഭ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും ഒന്നാമത്

ഐസിസി ഏകദിന ലോകകപ്പില്‍ ഇതുവരെ കളിച്ച ഏഴ് കളികളില്‍ ഏഴിലും വിജയിച്ച് ജൈത്രയാത്ര തുടരുകയാണ് ഇന്ത്യ. വെല്ലുവിളി ഉയര്‍ത്തും എന്ന് വിലയിരുത്തിയ ദക്ഷിണാഫ്രിക്കയെയും പിടിച്ചുകെട്ടിയതോടെ ടീം ഇന്ത്യ ആത്മവിശ്വാസത്തോടെ സെമിഫൈനലിന് ഇറങ്ങും.

ടീമിന്‍റെ മൊത്തത്തിലുള്ള പ്രകടനം ഐസിസി ഏകദിന റാങ്കിലിങിലും പ്രകടമായി. ബാറ്റിംഗ്, ബൗളിംഗ് എന്നിവയില്‍ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പാണ് കണ്ടത്.

പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ മറികടന്ന് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഏകദിന റാങ്ങില്‍ ഒന്നാമതെത്തി.സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവർക്ക് ശേഷം ഏകദിന ബാറ്റർ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള നാലാമത്തെ കളിക്കാരനായി ഗിൽ മാറി.

ബുധനാഴ്‌ച പുറത്തുവന്ന പുതിയ റാങ്കിങ് പ്രകാരം 839 റേറ്റിങ് പോയിന്റുകളുമായി ശുഭ്മാൻ ഗിൽ ഒന്നാമതും 824 പോയിന്റുമായി ബാബർ അസം രണ്ടാം സ്ഥാനത്തുമാണ്. 771 പോയിന്റുമായി ക്വിന്റൺ ഡി കോക്ക് ആണ് മൂന്നാം സ്ഥാനത്ത്. വിരാട്‌ കോഹ്‌ലി നാലാമതും രോഹിത് ശർമ ആറാമതുമാണ്.

അരങ്ങേറ്റ ലോകകപ്പില്‍ പരുക്കന്‍ തുടക്കമാണ് താരം കാഴ്ചവെച്ചതെങ്കിലും കഴിഞ്ഞ ആഴ്‌ച ശ്രീലങ്കയ്‌ക്കെതിരെ 92 ഉം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 23 ഉം റണ്‍സ് താരം നേടിയിരുന്നു. ടൂര്‍ണമെന്‍റിലെ  ആറ് ഇന്നിംഗ്‌സുകളിൽ നിന്നായി ആകെ 219 റൺസാണ് ഗില്‍ നേടിയത്.

ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിനെ മറികടന്ന് ഒന്നാം നമ്പർ ഏകദിന ബൗളർ എന്ന പദവി ഇന്ത്യയുടെ മുഹമ്മദ് സിറാജ് സ്വന്തമാക്കി. ടീമംഗങ്ങളായ കുൽദീപ് യാദവ് (മൂന്ന് സ്ഥാനങ്ങൾ ഉയർത്തി നാലാം സ്ഥാനത്തെത്തി), ജസ്പ്രീത് ബുംറ (മൂന്ന് സ്ഥാനങ്ങൾ ഉയർത്തി എട്ടാം സ്ഥാനത്തെത്തി), മുഹമ്മദ് ഷാമി (ഏഴ് സ്ഥാനങ്ങൾ ഉയർത്തി പത്താം സ്ഥാനത്തെത്തി) എന്നിവരും റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി.

അഫ്ഗാനിസ്ഥാനെതിരായ കിടിലന്‍ പ്രകടനത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow