സംസ്ഥാന സര്‍ക്കാറിന്‍റെ 'കെ ഫോണ്‍' പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

കെറെയില്‍ (KRail) സജീവ ചര്‍ച്ചയാകുന്ന നേരത്ത് തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച വലിയ പദ്ധതിയായ കെഫോണിനെക്കുറിച്ചും (KFon) ചോദ്യം ഉയരുന്നത്. 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൌജന്യ ഇന്‍റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതിയെന്ന് പ്രഖ്യാപിക്കപ്പെട്ട കെഫോണ്‍ എന്തായി എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. എന്താണ് കെ ഫോണിന്‍റെ അവസ്ഥ ഒന്ന് പരിശോധിക്കാം

Jan 13, 2022 - 13:25
 0
സംസ്ഥാന സര്‍ക്കാറിന്‍റെ 'കെ ഫോണ്‍' പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

കെറെയില്‍ (KRail) സജീവ ചര്‍ച്ചയാകുന്ന നേരത്ത് തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച വലിയ പദ്ധതിയായ കെഫോണിനെക്കുറിച്ചും (KFon) ചോദ്യം ഉയരുന്നത്. 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൌജന്യ ഇന്‍റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതിയെന്ന് പ്രഖ്യാപിക്കപ്പെട്ട കെഫോണ്‍ എന്തായി എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. എന്താണ് കെ ഫോണിന്‍റെ അവസ്ഥ ഒന്ന് പരിശോധിക്കാം

കേരളത്തിന്‍റെ മുക്കിലും മൂലയിലും അതിവേഗ ഇന്‍റര്‍നെറ്റ് എത്തിക്കാനുള്ള, സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ ഇഴഞ്ഞ് നീങ്ങുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2021 അവസാനത്തോടെ പദ്ധതി പൂര്‍ത്തികരിക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. കോവിഡും, കേബിള്‍ ഇടുന്നതിന് വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി വൈകുന്നതുമാണ് പദ്ധതിക്ക് വില്ലനാകുന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം.

ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച, അതിവിപുലമായ ഫൈബര്‍ ശ്രംഖലയാണ് കെ ഫോണ്‍. ഇതിലൂടെ ഇന്‍റര്‍നെറ്റ് എത്തിക്കുന്നത് സേവനദാതാക്കളായ കമ്പനികളാണ്. മുപ്പതിനായിരത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടതടവില്ലാതെ ഇന്‍റര്‍നെറ്റ് സേവനം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. 

35000 കി.മി.ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിനുള്ള സര്‍വ്വേയും , 8 ലക്ഷം കെഎസ്ഇബി തൂണുകളുടേയും സര്‍വ്വ പൂര്‍ത്തീകരിച്ചു. കെഎസ്ഇബി തൂണുകള്‍ വഴി കേബിള്‍ ഇടുന്നതിനുള്ള വാടകയില്‍ നിന്നും 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കാനായിരുന്നു ലക്ഷ്യം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കൊട്ടിഘോഷിച്ച് ഒന്നാം ഘട്ട ഉദ്ഘാടനം നടത്തിയപ്പോള്‍, ആഗസ്റ്റില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

നവംബര്‍ 27ന് നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖ മൂലം നല്‍കിയ മറുപടി കാണുക. 2021 ഡിസംബര്‍ അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കും. ഇനി കെ ഫോണിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലെ പദ്ധതി പുരോഗതി റിപ്പോര്‍ട്ട് ശ്രദ്ധിക്കുക. ലക്ഷ്യമിട്ട 30000 സര്‍ക്കാര്‍ ഓഫീസുകളില്‍ 7696 ഓഫീസുകളില്‍ മാത്രമാണ് കെഫോണ്‍ എത്തിയത്.

ഇതില്‍ 1549 എണ്ണത്തില്‍ മാത്രമാണ് ഇന്‍റര്‍നെറ്റ് സൌകര്യം ഒരുക്കിയത്. 26410 കി.മി കേബിള്‍ സ്ഥാപിക്കേണ്ട സ്ഥാനത്ത് 7932 കി.മി. മാത്രമാണ് പൂര്‍ത്തിയായത്. കേബിള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിയായ റൈറ്റ് ഓഫ് വേ, റെയില്‍വേ, വനം വകുപ്പ്, നാഷണല്‍ ഹൈവേ, ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിന്ന് വൈകുന്നതാണ് പദ്ധതിക്ക് തടസ്സമായത്. 

കോവിഡ് രണ്ടാം വ്യാപനവും വെല്ലുവിളിയായി.ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്.യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും കാത്തിരിപ്പ് നീളുമെന്നുറപ്പ്. സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ ഇഴഞ്ഞ് നീങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തികരിക്കുമെന്ന പ്രഖ്യാപനവും നടപ്പിലാവില്ല. കോവിഡും, കേബിള്‍ ഇടുന്നതിന് വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി വൈകുന്നതുമാണ് പദ്ധതിക്ക് വില്ലനാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow