ഐഎസ്‌ആര്‍ഒ ഗൂഢാലോചനാ കേസ്; സിബി മാത്യൂസ് ഉൾപ്പെടെയുള്ള മുൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം

Jun 28, 2024 - 11:26
 0
ഐഎസ്‌ആര്‍ഒ ഗൂഢാലോചനാ കേസ്; സിബി മാത്യൂസ് ഉൾപ്പെടെയുള്ള മുൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ മുൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സി.ബി.ഐ. തിങ്കളാഴ്ചയാണ് സിബിഐ ഡല്‍ഹി യൂണിറ്റ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഐബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, മുൻ പേട്ട ഇൻസ്പെക്ടർ എസ്. വിജയൻ, പേട്ട മുൻ സബ് ഇൻസ്പെക്ടർ തമ്പി എസ്. ദുർഗാദത്ത് എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാൻ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. മൊത്തം 18 പേർക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. ചാരക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് ജസ്റ്റിസ് ഡി.കെ. ജെയിൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം സുപ്രീംകോടതി സിബിഐക്ക് കൈമാറിയത്.

1994 ലാണ് നമ്പി നാരായണനെ ചാരക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഐഎസ്ആർഒയിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനെയും രണ്ട് മാലിദ്വീപ് വനിതകളെയും ഒരു വ്യവസായിയെയും ഇദ്ദേഹത്തിനൊപ്പം കേസിൽ അറസ്റ്റ് ചെയ്തിരുന്നു. 1995-ൽ സി.ബി.ഐ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. കേസിൽ തന്നെ മനപ്പൂർവം പ്രതിയാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി സിബി മാത്യൂസ്, വിജയൻ, കെ കെ ജോഷ്വ എന്നിവരുൾപ്പെടെയുള്ള അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നമ്പി നാരായണൻ നിയമ പോരാട്ടം നടത്തുകയായിരുന്നു.

കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ കേസ് രാഷ്ട്രീയ കൊടുങ്കാറ്റായി കേരളത്തിൽ ആഞ്ഞടിച്ചത്. കേസിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്ന രമൺ ശ്രീവാസ്തവയെ സംരക്ഷിക്കാനാണ് ഗൂഢാലോചന നടത്തിയതെന്ന റിപ്പോർട്ടുകളെ തുടർന്ന് 1995-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് സ്ഥാനമൊഴിയേണ്ടിയും വന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow