പാർട്ടി പറഞ്ഞാൽ മതി; നഗരസഭ നിയമിക്കാം;കുടുംബശ്രീക്കാരെ ശുപാര്‍ശ ചെയ്യാൻ ജില്ലാ സെക്രട്ടറിക്കയച്ച കത്ത് പുറത്ത്

തിരുവനന്തപുരം നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിന്‍റെ പേരിലുള്ള ലെറ്റര്‍ പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്

Nov 6, 2022 - 04:24
 0
പാർട്ടി പറഞ്ഞാൽ മതി; നഗരസഭ നിയമിക്കാം;കുടുംബശ്രീക്കാരെ ശുപാര്‍ശ ചെയ്യാൻ ജില്ലാ സെക്രട്ടറിക്കയച്ച കത്ത് പുറത്ത്

തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ 295 താത്കാലിക തസ്തികകളിലേക്ക് സിപിഎം പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വിവാദമായതിന് പിന്നാലെ സമാനമായ നടപടികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

തിരുവനന്തപുരം നഗരസഭയിലെ എസ്.എ.റ്റി ആശുപത്രിയില്‍ എന്‍.യു.എല്‍.എം പദ്ധതി പ്രകാരം രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി നിര്‍മ്മിച്ച വിശ്രമകേന്ദ്രത്തിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് നഗരസഭ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ച കത്താണ് പുറത്തുവന്നിട്ടുള്ളത്.

Also Read-'ഇവിടെ ഒഴിവുണ്ട്; അവിടെ ആളുണ്ടോ?' സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് തിരുവനന്തപുരം മേയറുടെ കത്ത്

തിരുവനന്തപുരം നഗരസഭ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിന്‍റെ പേരിലുള്ള ലെറ്റര്‍ പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്താണിത്. വിശ്രമകേന്ദ്രത്തിലേക്ക് കുടുംബശ്രീ മുഖേന ജീവനക്കാരെ നിയമിക്കാന്‍ 23.09.2022 ല്‍ ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റിയില്‍ തീരുമാനിച്ചതായി കത്തില്‍ പറയുന്നു.



മാനേജര്‍ -1 ( വേതനം- 20000 രൂപ) , കെയര്‍ ടേക്കര്‍/ സെക്യൂരിറ്റി -5 (വേതനം- 17000) , ക്ലീനര്‍ -3 (വേതനം- 12500) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ഒഴിവുകളിലേക്ക്  താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് മുൻഗണന പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക്  അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരം തിരുകികയറ്റലുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ഉന്നതപഠനം പൂര്‍ത്തിയാക്കി  നിരവധി ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഇവരെ മറികടന്നുകൊണ്ട് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മേയര്‍ കത്തയച്ചത്.

Also Read-തിരുവനന്തപുരം കോര്‍പ്പറേഷൻ ജോലിക്ക് CPM പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ട മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്ത്

പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 16നാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട സൈറ്റിന്‍റെ വിവരങ്ങളും കത്തിലുണ്ട്.

അതേസമയം, തിരുവനന്തപുരം മേയറുടെ നടപടിയെ ന്യായീകരിച്ച് വി കെ പ്രശാന്ത് എംഎൽഎ രംഗത്തെത്തി . കോർപ്പറേഷനിലെ ഒഴിവുകൾ ജില്ലാ നേതൃത്വത്തെ അറിയിക്കാറുണ്ടെന്ന് എംഎൽഎ പറഞ്ഞു. കത്ത് പുറത്തായതോടെ മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അടിയന്തരമായ കോര്‍പ്പറേഷന്‍ ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ്  വിവി രാജേഷ് ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow