'അറസ്റ്റ് ചെയ്തത് ഭീകരവാദിയെ പോലെ'; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്. ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും സഹപ്രവർത്തകർ ആരോപിക്കുന്നു. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു.
സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിൽ ഇന്ന് പുലർച്ചെയാണ് കന്റോൺമെൻറ് പൊലീസ് അടൂരിലെ വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണ്. പ്രതിപക്ഷനേതാവ് വിഡി സതീശൻ കേസിൽ ഒന്നാം പ്രതിയാണ്.
കേസിൽ എംഎൽഎമാരായ ഷാഫി പറമ്പിൽ, എം വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്. പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് കേസ്. സംഘംചേർന്ന് അക്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്കു പുറമേ പൊലീസ് ആക്ടിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുത്തത്.
What's Your Reaction?