ആ ഹെഡ്ഡര്‍ ഗോളിനുണ്ട്, പകരം നല്‍കാന്‍ വിശേഷപ്പെട്ടൊരു സമ്മാനം
അറുപത്തിയെട്ടാം മിനിറ്റില്‍ നെയ്മറുടെ മഴവില്‍ കോര്‍ണറിന് മിലികോവിച്ചനേക്കാള്‍ ഉയരത്തി ചാടി തിയാഗോ സില്‍വ തലവയ്ക്കുമ്പോള്‍ ഗ്യാലറികള്‍ ബ്രസീലിയന്‍ ആരാധകരുടെ ആര്‍പ്പുവിളികളില്‍,
അറുപത്തിയെട്ടാം മിനിറ്റില്‍ നെയ്മറുടെ മഴവില്‍ കോര്‍ണറിന് മിലികോവിച്ചനേക്കാള്‍ ഉയരത്തി ചാടി തിയാഗോ സില്‍വ തലവയ്ക്കുമ്പോള്‍ ഗ്യാലറികള്‍ ബ്രസീലിയന്‍ ആരാധകരുടെ ആര്‍പ്പുവിളികളില്‍, മുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍, ഇതേ മോസ്‌ക്കോയില്‍, സ്പാര്‍ട്ടെക് സ്റ്റേഡിയത്തില്‍ നിന്ന് ഏറെയൊന്നും അകലയല്ലാതെ ഒരു ടിബി സാനിറ്റോറിയത്തിന്റെ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്ക് ആറു മാസം പേടിപ്പെടുത്തുന്ന നിശബ്ദതയോട് പൊരുതിയ ഒരു കാലമുണ്ടായിരുന്നു തിയാഗോ എമിലിയാനോ ഡാ സല്‍വയെന്ന ബ്രസീലിയന്‍ സെന്റര്‍ ബാക്കിന്. എണ്ണം പറഞ്ഞൊരു ഗോള്‍ നേടി ടീമിന് ലോകകപ്പില്‍ ഒരു രണ്ടാം ജന്മം നല്‍കിയ സില്‍വയ്ക്ക് ഇതേ നഗരത്തില്‍ ആശുപത്രിയിൽ മരണത്തെ മുഖാമുഖം കണ്ടൊരു കാലമുണ്ടായിരുന്നു.
അത് പതിമൂന്ന് വര്‍ഷം മുന്‍പത്തെ കഥ. പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയ്ക്കു വേണ്ടി കളിച്ചുതുടങ്ങിയ കാലം. ഡയാനാമോ മോസ്‌ക്കോയെ പുതിയ പ്രസിഡന്റ് അലക്‌സി ഫെഡോറിഷേവ് പനുരുദ്ധരിക്കുന്നതിന്റെ ഭാഗമായി ഏജന്‍സ് യോര്‍ഗെ മെന്‍ഡസാണ് സില്‍വയെ നാല്‍പത് ലക്ഷം യൂറോയ്ക്ക് പോര്‍ട്ടോയില്‍ നിന്നും മോസ്‌ക്കോയില്‍ എത്തിച്ചത്. പോര്‍ട്ടോയില്‍ ഒരു കളി പോലും കളിക്കാത്ത സില്‍വയ്ക്ക് വലിയ ആശ്വാസമായിരുന്നു ഈ മാറ്റം. മറ്റ് ഏഴ് പോര്‍ച്ചുഗീസ് താരങ്ങള്‍ക്കൊപ്പമാണ് സില്‍വ മോസ്‌ക്കോയിലെത്തിയത്. കോസ്റ്റിന്യ, ദെര്‍ലെയ് തുടങ്ങിയ വലിയ താരങ്ങളുമുണ്ടായിരുന്നു ഒപ്പം. എന്നാല്‍, കാര്യങ്ങള്‍ വേണ്ടവിധം നടന്നില്ല. ഡയനാമോവിനുവേണ്ടിയും സില്‍വയ്ക്ക് ഒരൊറ്റ മത്സരവും കളിക്കാനായില്ല. ഇതിനിടയിലാണ് ഓര്‍ക്കാപ്പുറത്ത് മറ്റൊരു ആഘാതം സംഭവിക്കുന്നത്. കളിക്കുന്നത് മുന്‍പ് നടത്തിയ ശാരീരിക പരിശോധനയില്‍ ടീം ഡോക്ടറാണ് അത് കണ്ടുപിടിച്ചത്. പെട്ടന്ന് ക്ഷീണം ബാധിക്കുന്നതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കടുത്ത പനിയും വിട്ടുമാറാത്ത ചുമയും ഉണ്ടായിരുന്നു അന്ന്. സില്‍വ ക്ഷയരോഗ ബാധിതനാണെന്ന് ഡോക്ടര്‍ അന്നു കണ്ടെത്തി. ഏതാണ്ട് ഒന്‍പത് മാസമായി രോഗബാധിതനാണ് സില്‍വയെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. ഏതാനും ആഴ്ചകള്‍ കൂടി കഴിഞ്ഞാണ് രോഗം കണ്ടെത്തിയിരുന്നതെങ്കില്‍ മരണം തന്നെ സംഭവിക്കുമായിരുന്നുവെന്ന് ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ സില്‍വയോട് പറഞ്ഞു.
മരണം ഉറപ്പായ ദിനങ്ങള്‍. അത് ഒഴിവാക്കണമെങ്കില്‍ വലത് ശ്വാസകോശം നീക്കം ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍, സില്‍വ അതിന് കൂട്ടാക്കിയില്ല. പിന്നെ മരുന്നുകളായിരുന്നു ആശ്രയം. ഏതാണ്ട് ആറു മാസം ടിബി. സാനിറ്റോറിയത്തില്‍ ഏകാന്തവാസമായിരുന്നു.
രോഗം മാറി നാട്ടിലെത്തിയപ്പോള്‍ ഫുട്‌ബോളിനോട് വിടപറയഉന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു സില്‍വ. ഒടുവില്‍ അമ്മയാണ് ആ മനസ്സു മാറ്റിയത്. രോഗം മാറി ആരോഗ്യം വീണ്ടെടുത്ത സില്‍വ അങ്ങനെ വീണ്ടും കളിക്കളിത്തിലിറങ്ങി. മരണത്തില്‍ നിന്നും മഞ്ഞപ്പടയുടെ നായകസ്ഥാനത്തേയ്ക്കായിരുന്നു തിരിച്ചുവരവ്. ഫ്‌ളുമിനെസ്സിലൂടെയായിരുന്നു രണ്ടാം വരവ്. പിന്നീട് മിലാനിലും അതുകഴിഞ്ഞ് പി.എസ്.ജിയിലുമെത്തി. 2008 മുതല്‍ ബ്രസീല്‍ ദേശീയ ടീമിലുമുണ്ട്.
2010 ലോകകപ്പില്‍ ലൂസിയോയുടെയും യുവാന്റെയും പകരക്കാരനായി മുഴുവന്‍ സമയവും പകരക്കാരുടെ ബെഞ്ചിലിരിക്കാനായിരുന്നു വിധി. 2014-ലാവട്ടെ പെനാല്‍റ്റിയെടുക്കാന്‍ വിസമ്മതിച്ചതിന്റെ വിവാദവും സെമിഫൈനലിലെ സസ്‌പെന്‍ഷനും മാത്രമായി ബാക്കിപത്രം. ജര്‍മനിക്കെതിരായ നാണംകെട്ട സെമിയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല സില്‍വയ്ക്ക്.
ലൂയി ഫിലിപ്പെ സ്‌കോളാരിക്ക് പകരം ദുംഗ പരിശീലകനായതോടെ സില്‍വ പൂര്‍ണമായി തഴയപ്പെട്ടു. 2016-ലെ കോപ്പ അമേരിക്കയുടെ ടീമില്‍ ഇടം നേടിയില്ല. ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിലാവട്ടെ ആകെ അഞ്ചു മത്സരങ്ങളിലാണ് കളിച്ചത്. അതില്‍ തന്നെ ആകെ രണ്ടെണ്ണത്തിലാണ് സ്റ്റാര്‍ട്ടിങ് ഇലവിലുണ്ടായിരുന്നത്. പരിശീലകനായി ചുമതലയേറ്റ ടിറ്റെ തന്ത്രം മെനഞ്ഞത് മാര്‍ക്ക്വിനോസിനെയും മിരന്‍ഡയെയും ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍, തന്റെ ജീവന്‍ തിരിച്ചുനല്‍കിയ മോസ്‌ക്കോയിലെത്തിയപ്പോള്‍ പകരം നല്‍കാന്‍ വിശേഷപ്പെട്ടൊരു സമ്മാനം കരുതിവച്ചിരുന്നു സില്‍വ. അതാണ് അറുപത്തിയെട്ടാം മിനിറ്റിലെ ആ എണ്ണം പറഞ്ഞ ഹെഡ്ഡര്‍.
What's Your Reaction?