ഇനി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആവശ്യമില്ല; സ്വയം പരിശീലിക്കാം, സ്വന്തം വാഹനത്തില്‍ ടെസ്റ്റ് നടത്താം

May 24, 2024 - 11:41
 0
ഇനി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആവശ്യമില്ല; സ്വയം പരിശീലിക്കാം, സ്വന്തം വാഹനത്തില്‍ ടെസ്റ്റ് നടത്താം

ഡ്രൈവിംഗ് ടെസ്റ്റില്‍ കൂടുതല്‍ പരിഷ്‌കരണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഡ്രൈവിംഗ് പഠിക്കാനും ലൈസന്‍സ് ടെസ്റ്റിനും ഡ്രൈവിംഗ് സ്‌കൂളുകളുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും സ്വയം ഡ്രൈവിംഗ് പരിശീലിക്കാനും സ്വന്തം വാഹനത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാനും അവസരം ഒരുക്കുന്നതാണ് പരിഷ്‌കാരങ്ങള്‍.

നേരത്തെ ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്ന് തൊഴിലാളി സംഘടനകള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ആഴ്ചകളോളം സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താന്‍ അനുവദിക്കാതെയായിരുന്നു വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരം മുന്നോട്ട് പോയത്

തുടര്‍ന്ന് ഗതാഗത വകുപ്പ് മന്ത്രി തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. സ്വന്തം വാഹനത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാനുള്ള അനുമതി മുന്‍കാലങ്ങളിലും നിലനിന്നിരുന്നു. എന്നാല്‍ സ്വന്തമായുള്ള ഡ്രൈവിംഗ് പരിശീലനം സംബന്ധിച്ച് പുതിയ ഉത്തരവിലാണ് പരാമര്‍ശമുള്ളത്.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകളും സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളും എതിര്‍ക്കുന്നതിനിടയിലാണ് സ്വയം പഠനം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ലേണേഴ്‌സ് ലൈസന്‍സ് നേടിയ ഒരാളിന് ലൈസന്‍സുള്ള ഒരു വ്യക്തിയുടെ സാന്നിധ്യത്തില്‍ ഡ്രൈവിംഗ് പഠിക്കാം. ഡ്രൈവിംഗ് സ്‌കൂള്‍ വഴിയാണ് പഠനമെങ്കില്‍ അംഗീകൃത പരിശീലകന്‍ ടെസ്റ്റിന് ഹാജരാകണമെന്ന നിര്‍ദ്ദേശവും കര്‍ശനമാക്കി.

ടെസ്റ്റിന് അംഗീകൃത പരിശീലകന്‍ ഹാജരാകണമെന്ന നിബന്ധന സ്‌കൂള്‍ ഉടമസ്ഥര്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും ഉള്‍ക്കൊള്ളാനാവുന്നതല്ല. അംഗീകൃത പരിശീലകരുടെ എണ്ണം കുറവായതാണ് ഇതിന് കാരണം. ടെസ്റ്റ് പരിഷ്‌കരണത്തില്‍ തൊഴിലാളി സംഘടനകളും ഡ്രൈവിംഗ് സ്‌കൂളുകളും സ്വീകരിച്ച പിന്തിരിപ്പന്‍ നയത്തിന് നല്‍കിയ മറുപടിയായാണ് പുതിയ ഉത്തരവിനെ വിലയിരുത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow