പ്രതീക്ഷയുടെ മുനമ്പിൽ ഇന്ത്യ, 3–ാം ടെസ്റ്റ് ജയിച്ചാൽ പരമ്പര, ചരിത്രം
വിദേശമണ്ണിൽ ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്രനേട്ടത്തിന്റെ പിച്ചിലേക്കു വിരാട് കോലിയുടെ നേതൃത്വത്തിൽ ഓടിക്കയറിയ ടീം ഇന്ത്യ ഇന്നു ദക്ഷിണാഫ്രിക്കയിലും അപൂർവ റെക്കോർഡ് തേടിയിറങ്ങും.
വിദേശമണ്ണിൽ ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്രനേട്ടത്തിന്റെ പിച്ചിലേക്കു വിരാട് കോലിയുടെ നേതൃത്വത്തിൽ ഓടിക്കയറിയ ടീം ഇന്ത്യ ഇന്നു ദക്ഷിണാഫ്രിക്കയിലും അപൂർവ റെക്കോർഡ് തേടിയിറങ്ങും. ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന ടെസ്റ്റിന് ഇന്നു കേപ് ഓഫ് ഗുഡ്ഹോപ് കടൽ മുനമ്പ് സ്ഥിതി ചെയ്യുന്ന തീരനഗരമായ കേപ് ടൗണിൽ തുടക്കം.
സെഞ്ചൂറിയനിൽ ഉജ്വല വിജയം നേടിയ ഇന്ത്യയ്ക്കു ജൊഹാനസ്ബർഗിൽ അടിതെറ്റിയെങ്കിലും ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്തുന്ന കോലിയുടെ മികവിൽ ഇന്ത്യ പരമ്പര നേടുന്നത് ആരാധകർ സ്വപ്നം കാണുന്നു. മത്സരം ഉച്ചയ്ക്കു 2 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം കാണാം. കോലി തിരിച്ചെത്തുന്നതോടെ ഹനുമ വിഹാരി പുറത്തിരിക്കും.
കഴിഞ്ഞ കളിയിൽ 2–ാം ഇന്നിങ്സിൽ തിളങ്ങിയ ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവരിൽനിന്ന് അതേ പ്രകടനമാണു ടീം ആവശ്യപ്പെടുന്നത്. പരുക്കേറ്റ പേസർ മുഹമ്മദ് സിറാജിനു പകരം ഇഷാന്ത് ശർമയോ ഉമേഷ് യാദവോ ഇറങ്ങും. കേപ് ടൗണിൽ ഇതുവരെ ഒരു ടെസ്റ്റ് പോലും ഇന്ത്യയ്ക്കു ജയിക്കാൻ കഴിഞ്ഞിട്ടില്ല. 5 മത്സരങ്ങൾ കളിച്ചതിൽ 3ൽ തോറ്റു. രണ്ടെണ്ണം സമനിലയിലായി.
രണ്ടാം ടെസ്റ്റിൽ പുറത്തിരുന്നശേഷം ടീമിലേക്കു തിരിച്ചെത്തുന്ന വിരാട് കോലി തന്നെയാകും മൂന്നാം ടെസ്റ്റിലെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ 25 ടെസ്റ്റ് ഇന്നിങ്സുകളിൽ സെഞ്ചുറി നേടാൻ കോലിക്ക് സാധിച്ചിട്ടില്ല. ഏറ്റവുമൊടുവിൽ കോലി ടെസ്റ്റിൽ സെഞ്ചുറി നേടിയത് ബംഗ്ലദേശിനെതിരെ 2019 നവംബറിലാണ്. ഈഡൻ ഗാർഡൻസിൽ നേടിയത് 136 റൺസ്. ക്യാപ്റ്റൻ ഫോമിലേക്കു തിരിച്ചെത്തുന്നതും ടീമിനെ വിജയത്തിലേക്കു നയിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകർ.
ഇന്ത്യ സാധ്യതാ ഇലവൻ: കെ.എൽ. രാഹുൽ, മയാങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ
ദക്ഷിണാഫ്രിക്ക സാധ്യതാ ഇലവൻ: ഡീൻ എൽഗാർ (ക്യാപ്റ്റൻ), എയ്ഡൻ മർക്രം, കീഗൻ പീറ്റേഴ്സൻ, റാസ്സി വാൻഡർ ദസ്സൻ, തെംബ ബാവു, കൈൽ വെരെയ്ൻ (വിക്കറ്റ് കീപ്പർ), മാർക്കോ ജെൻസൻ, കഗീസോ റബാദ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ഡ്യുവാൻ ഒലിവിയർ
What's Your Reaction?