അടുത്ത 25 വര്‍ഷത്തിനകം പുതിയ കശ്മീര്‍ കെട്ടിപ്പടുക്കും; പ്രധാനമന്ത്രി കശ്മീരില്‍, 20000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ജമ്മു കാശ്മീരിലെ യുവാക്കൾക്ക് സാധ്യതകളുടെ ഭാവി ഉറപ്പാക്കും. മുൻ​ഗാമികൾ നേരിട്ട പ്രശ്നങ്ങളും പ്രതിസന്ധികളും എന്തായാലും അവ‍രിലേക്ക് എത്തില്ലെന്നും മോദി പറഞ്ഞു.

Apr 25, 2022 - 08:05
 0
അടുത്ത 25 വര്‍ഷത്തിനകം പുതിയ കശ്മീര്‍ കെട്ടിപ്പടുക്കും; പ്രധാനമന്ത്രി കശ്മീരില്‍, 20000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ജമ്മു കശ്മീരില്‍ (Jammu and Kashmir) ഇരുപതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime minister Narendra Modi). അടുത്ത 25 വര്‍ഷങ്ങള്‍ക്കകം പുതിയ കശ്മീര്‍ കെട്ടിപ്പടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം വരുമെന്നും രാജ്യത്തിനാകെ മാതൃകയായി കശ്മീര്‍ മാറുമെന്നും മോദി പറഞ്ഞു. പാലിയില്‍ ദേശീയ പഞ്ചായത്ത് രാജ് ദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടര വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി (Prime Mninster) നരേന്ദ്ര മോദി (Narendra Modi ) ഇന്ന് ജമ്മു കശ്മീരിലെത്തിയത് (Jammu  and Kashmir). 370-ാം അനുച്ഛേദം എടുത്തുകളഞ്ഞ് സംസ്ഥാനം വിഭജിച്ച ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ സന്ദര്‍ശനമാണിത്.


കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിൽ നിർമിക്കുന്ന 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതിക്കും 540 മെഗാവാട്ട് ക്വാർ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 3100 കോടി രൂപ ചെലവിൽ നിർമിച്ച ബനിഹാൽ-ഖാസിഗുണ്ട് റോഡ് ടണലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനുമിടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യും. ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേയുടെ തറക്കല്ലിടലും മോദി നിർവ​ഹിച്ചു.

ജമ്മു കാശ്മീരിലെ യുവാക്കൾക്ക് സാധ്യതകളുടെ ഭാവി ഉറപ്പാക്കും. മുൻ​ഗാമികൾ നേരിട്ട പ്രശ്നങ്ങളും പ്രതിസന്ധികളും എന്തായാലും അവ‍രിലേക്ക് എത്തില്ല. ഈ കാലയളവിൽ ജമ്മു കശ്മീരിലെ ടൂറിസം രം​ഗത്തുണ്ടായ മാറ്റം അതിന് ഉദാഹരമാണ്. ഈ വർഷം പഞ്ചായത്തിരാജ് ദിനം ജമ്മു കശ്മീരിൽ ആഘോഷിക്കുകയാണ്. വലിയൊരു മാറ്റത്തെയാണ് ജമ്മുവിലെ ഈ ആഘോഷം  സൂചിപ്പിക്കുന്നത്. ജനാധിപത്യം താഴെത്തട്ടിൽ എത്തിയിരിക്കുന്നതായി മോദി അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വർഷങ്ങളോളം ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിഷേധിക്കപ്പെട്ട നിലയായിരുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിനായി ഞങ്ങൾ എല്ലാ കേന്ദ്ര നിയമങ്ങളും ജമ്മു കശ്മീരിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെ വർഷങ്ങളായി സംവരണത്തിന്റെ ആനുകൂല്യം നിഷേധിക്കപ്പെട്ടവർക്ക് ആ അവകാശങ്ങൾ തിരികെ ലഭിച്ചിരിക്കുന്നു. അടുത്ത 25 വ‍ര്‍ഷത്തിൽ ജമ്മുകശ്മീരിൻ്റെ മുഖഛായ തന്നെ മാറുമെന്നും മോദി പറഞ്ഞു.

 

കാർഷിക മേഖലയിൽ സോളാർ പമ്പ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എൽഇഡി ബൾബുകളുടെയും സോളാർ കുക്കറിന്റെയും ഉപയോഗത്തെക്കുറിച്ചും പ്രധാനമന്ത്രി ജനപ്രതിനിധകളോട് വിശദീകരിച്ചു. പ്രകൃതി കൃഷിയുടെ നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഗ്രാമപഞ്ചായത്തുകളുടെ സ്ഥാപക ദിനം ആഘോഷിക്കുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഓരോ വർഷവും ഇത്തരം ആഘോഷങ്ങളിൽ ഗ്രാമത്തിലെ എല്ലാ ആളുകളും വന്ന് പങ്കുചേരണമെന്നും അടുത്ത വർഷം പൂര്‍ത്തീകരിക്കേണ്ടതും ആരംഭിക്കേണ്ടതുമായ എല്ലാ ജോലികളും എന്താണെന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുന്ന വേദിയ്ക്ക് 12 കിലോമീറ്റർ അകലെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. ജമ്മുവിലെ ലാലിയാന ഗ്രാമത്തിൽ ഒരു കൃഷിയിടത്തിലാണ് സ്ഫോടനം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധന നടത്തി. അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

സ്ഫോടനം നടന്നതിന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഉൽക്ക പതിച്ചതോ ഇടിമിന്നലേറ്റതോ ആകാം കാരണമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ കശ്മീർ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്നലെയും മേഖലയിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടിയിരുന്നു. രണ്ട് ഭീകരരെ സേന വധിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി സന്ദർശിച്ച ഗ്രാമത്തിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെ കഴിഞ്ഞ ദിവസം സിഐഎസ്എഫ് ബസിനു നേരെയും ആക്രമണം നടന്നിരുന്നു. മേഖലയിൽ മുതിർന്ന ഉദ്യോഗസ്ഥരെത്തി സുരക്ഷ വിലയിരുത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow