ബാഹുബലിക്ക് ശേഷം പ്രഭാസ് പ്രേക്ഷകരുടെ മനം കവരുമോ? 'രാധേ ശ്യാം' തിയേറ്ററുകളിൽ

പാൻ-ഇന്ത്യൻ സ്കെയിലിൽ വികസിക്കുന്ന തെലുങ്ക് സിനിമാ വ്യവസായം, ഓരോ വർഷം കഴിയുന്തോറും പ്രീ-റിലീസ് ബിസിനസിൽ കുതിച്ചുയരുകയാണ്

Mar 12, 2022 - 06:20
Aug 31, 2022 - 00:52
 0
ബാഹുബലിക്ക് ശേഷം പ്രഭാസ് പ്രേക്ഷകരുടെ മനം കവരുമോ? 'രാധേ ശ്യാം' തിയേറ്ററുകളിൽ

പാൻ-ഇന്ത്യൻ സ്കെയിലിൽ വികസിക്കുന്ന തെലുങ്ക് സിനിമാ വ്യവസായം, ഓരോ വർഷം കഴിയുന്തോറും പ്രീ-റിലീസ് ബിസിനസിൽ കുതിച്ചുയരുകയാണ്. എന്നിരുന്നാലും, പ്രഭാസിന്റെ ബാഹുബലിയുടെ തകർപ്പൻ പ്രകടനത്തിന് ശേഷം ടോളിവുഡ് ചിത്രങ്ങളുടെ പ്രീ-റിലീസ് ബിസിനസ്സ് അഭൂതപൂർവമായി ഉയർന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. ഇപ്പോഴിതാ, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രഭാസിന്റെ (Prabhas) രാധേ ശ്യാം (Radhe Shyam) മാർച്ച് 11 വെള്ളിയാഴ്ച ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസിനെത്തിയിരിക്കുന്നു. ചിത്രത്തിന് റെക്കോഡ് പ്രീ-റിലീസ് ബിസിനസ്സ് നടന്നതായി വാർത്ത വന്നിരുന്നു.

ആന്ധ്രാബോക്സ് ഓഫീസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചിത്രത്തിന്റെ തിയറ്റർ അവകാശം ഏകദേശം 210 കോടി രൂപയ്ക്കാണ് വിറ്റുപോയത്. തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം വിറ്റതിലൂടെ 100 കോടിയിലധികം രൂപയാണ് ലഭിച്ചത്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ പാൻ-ഇന്ത്യ ഫെയിം കണക്കിലെടുത്ത്, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചിത്രത്തിന് വലിയ ഓപ്പണിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ചിത്രം പൂർണമായും തെലുങ്ക് സംസ്ഥാനങ്ങളിലെ തിയറ്ററുകൾ ഭരിക്കും എന്നുറപ്പായിക്കഴിഞ്ഞു.

അത് മാറ്റിനിർത്തിയാൽ, പവൻ കല്യാണും റാണ ദഗ്ഗുബട്ടിയും അഭിനയിച്ച, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ, 'അയ്യപ്പനും കോശിയും' റീമേക്ക് ആയ ഭീംല നായകും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫെബ്രുവരി 24 ന് റിലീസ് ചെയ്ത ചിത്രത്തിന്, ഭീംല നായകിന്റെ വമ്പിച്ച പ്രീ-റിലീസ് ട്രേഡ് കണ്ടതുപോലെ, ഉയർന്ന പ്രതീക്ഷയായിരുന്നു.

രാധേ ശ്യാമിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി ടൈറ്റാനിക്കിനെക്കാൾ വലുതാണ് രാധേ ശ്യാമിന്റെ ക്ലൈമാക്സ് എന്ന് പറഞ്ഞിരുന്നു. അതിമനോഹരമായാണ് രംഗം ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ ഭാഗ്യശ്രീ, സച്ചിൻ ഖേദേക്കർ, കുനാൽ റോയ് കപൂർ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്. തമൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകൾക്ക് രണ്ട് വ്യത്യസ്ത സൗണ്ട് ട്രാക്കുകളുണ്ട്. ഹിന്ദി ഗാനങ്ങൾക്ക് മിഥൂനും മനൻ ഭരദ്വാജും സംഗീതം നൽകിയപ്പോൾ തെലുങ്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്.

2021 ജൂലൈ 30 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് -19 പാൻഡെമിക് കാരണം റിലീസ് തിയതി മാറ്റിവച്ചു. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, ചൈനീസ്, ജാപ്പനീസ് ഭാഷകളിൽ റിലീസ് ചെയ്യും.

Summary: After the whopping success of Baahubali, Prabhas is back with a romantic thriller Radhe Shyam. The movie has Pooja Hegde playing female lead

What's Your Reaction?

like

dislike

love

funny

angry

sad

wow