'പ്രേമലു' നൂറ് കോടി നേടിയതിന് പിന്നാലെ ഒ.ടി.ടി റിലീസ് തിയതി എത്തി

Premalu

Mar 16, 2024 - 16:07
 0
'പ്രേമലു'  നൂറ് കോടി നേടിയതിന് പിന്നാലെ ഒ.ടി.ടി   റിലീസ് തിയതി എത്തി

നൂറ് കോടി കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ കുതിക്കുന്ന ‘പ്രേമലു  ചിത്രത്തിന്റെ തെലുങ്ക്, തമിഴ് വേര്‍ഷനുകളും തിയേറ്ററില്‍ എത്തിക്കഴിഞ്ഞു. ചിത്രം തിയേറ്ററില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്നതിനിടെ പ്രേമലുവിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന് ആണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം എന്ന വര്‍ത്തകള്‍ വന്നെങ്കിലും നിര്‍മ്മാതാക്കളായ ഭാവനാ സ്റ്റുഡിയോസ് അത് തള്ളിയിരുന്നു. എന്നാല്‍ ഹോട്‌സ്റ്റാറിന് തന്നെയാണ് ഒ.ടി.ടി അവകാശം എന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ച് 29ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ഹോട്‌സ്റ്റാറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഫെബ്രുവരി 9ന് ആണ് പ്രേമലു റിലീസ് ചെയ്തത്. 31 ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയത്. സൂപ്പര്‍താരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ എത്തി മിന്നും വിജയം നേടിയ ചിത്രം കൂടിയാണിത്.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ യുവതാരങ്ങളായ നസ്ലിന്‍, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തി.

100 നേട്ടത്തില്‍ എത്തുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ മലയാള ചിത്രമാണ് പ്രേമലു. ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സ് വാങ്ങിയത് സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രം കണ്ടതിന് ശേഷം രാജമൗലി തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കാര്‍ത്തികേയ പ്രേമലു തെലുങ്കില്‍ എത്തിച്ചതില്‍ സന്തോഷം. ആദ്യം മുതല്‍ അവസാനം വരെ ചിരിയുടെ പൂരമായിരുന്നു. എന്റെ ഫേവറിറ്റ് കഥാപാത്രം ആദിയാണ് എന്നാണ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow