കർക്കിടക വാവിന് ലോക്ഡൗൺ ; സ്വാതന്ത്ര്യദിനത്തിന് ഒഴിവാക്കി
സംസ്ഥാന സർക്കാരിന്റെ ലോക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ പരിഷ്കരിച്ച് സർക്കാർ. ഇന്നലെ
സംസ്ഥാന സർക്കാരിന്റെ ലോക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ പരിഷ്കരിച്ച് സർക്കാർ. ഇന്നലെ നിയമസഭയിൽ ചട്ടം 300 അനുസരിച്ച് പ്രസ്താവന നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്, ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമായിരുന്നുവെന്ന പരോക്ഷ സമ്മതമാണ് നടത്തിയത്. ഇനി ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിയന്ത്രണങ്ങളെന്നും മന്ത്രി അറിയിച്ചു. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവരെ പോലും പിടികൂടി പൊലീസ് ഫൈൻ ഈടാക്കുന്ന നിരവധി സംഭവങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതിന്റെ പശ്ചാത്തലത്തിൽ, അത്യാവശ്യ സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതി നൽകുമെന്ന് മന്ത്രി അറിയിച്ചു.
വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ച് നിയന്ത്രണങ്ങൾ ഞായറാഴ്ചകളിൽ മാത്രമാക്കിയ സർക്കാർ, സ്വാതന്ത്ര്യദിനവും ഉത്രാടവും പ്രമാണിച്ച് ആ ഞായറാഴ്ചകളിൽ ഇളവ് പ്രഖ്യാപിച്ചു. എന്നാൽ, ആഗസ്റ്റ് എട്ട് ഞായറാഴ്ച കർക്കിടക വാവ് ബലിയാണെങ്കിലും ഇളവ് അനുവദിച്ചിട്ടില്ലെന്നതും വൈരുധ്യമായി. ഓരോ ജില്ലകളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുള്ളതിനാലാണ് അന്ന് ഇളവ്. ഉത്രാട ദിനത്തിൽ തിരക്ക് പരിഗണിച്ചാണ് ഇളവെന്ന് മന്ത്രി വിശദീകരിച്ചു.
ജനസംഖ്യയില്‍ 1000 പേരില്‍ എത്രയാള്‍ക്ക് പുതിയതായി രോഗം നിര്‍ണ്ണയിക്കപ്പെടുന്നുവെന്ന് പരിഗണിച്ചായിരിക്കും ഓരോ പ്രദേശത്തെയും നിയന്ത്രണങ്ങൾ. രോഗ വ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം നിയന്ത്രിക്കുക തന്നെ വേണം. അതിനാല്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ കൂട്ടായ്മകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടുന്ന സംവിധാനങ്ങള്‍ ഒഴിവാക്കണം. ആരാധനാലയങ്ങളില്‍ അവയുടെ വിസ്തീര്‍ണ്ണം കണക്കാക്കിയാവണം ആളുകള്‍ പങ്കെടുക്കേണ്ടത്. വലിയ വിസ്തീര്‍ണ്ണമുള്ളവയില്‍ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.
ഇന്നത്തെ പൊതു സാഹചര്യവും വാക്‌സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും മറ്റുള്ളയിടങ്ങളില്‍ ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്‍കും.
ഉൽസവകാലമായതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കണം. ഇതിന് പ്രത്യേകമായ സംവിധാനം അത്തരം വ്യാപാര സ്ഥാപനങ്ങള്‍ എടുക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളില്‍ വിപുലീകരിക്കണം. പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുകയും ആവശ്യമായ പരിശോധന നടത്തുകയും ചെയ്യും. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെ അനുവദിക്കും. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും വ്യാപാരികളുമായി ചേര്‍ന്ന് യോഗങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
കടകളിൽ എത്തുന്നവർ ഒരു ഡോസ് വാക്സിനേഷനെങ്കിലും സ്വീകരിച്ചവരാകണം. അതല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആയവരാകണം. അതുമല്ലെങ്കിൽ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണമെന്നതാണ് മന്ത്രിയുടെ നിർദ്ദേശം.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കും. സാമൂഹ്യപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യത അനുസരിച്ച് നിശ്ചിത തീയതിക്കുള്ളില്‍ വാക്‌സിനേഷന്‍ നല്‍കും. കിടപ്പ് രോഗികള്‍ക്ക് എല്ലാവര്‍ക്കും ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ സമയബന്ധിതമായി വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നടത്തും. സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ നടത്തുന്നതിന് സ്ഥലസൗകര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി പ്രോത്സാഹിപ്പിക്കും. മൂന്നാം തരംഗത്തിന് മുമ്പ് വാക്സിനേഷൻ കഴിയുന്നത്ര പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
What's Your Reaction?