കെഎസ്ആര്‍ടിസിയുടെ 73 ഡിപ്പോകള്‍ ലാഭത്തില്‍; നഷ്ടത്തില്‍ 20 ഡിപ്പോകള്‍

Sep 21, 2024 - 08:44
 0
കെഎസ്ആര്‍ടിസിയുടെ 73 ഡിപ്പോകള്‍ ലാഭത്തില്‍; നഷ്ടത്തില്‍ 20 ഡിപ്പോകള്‍

കേരളത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ പ്രവര്‍ത്തനലാഭത്തിലേക്ക്. 73 ഡിപ്പോകളാണ് ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബര്‍ 17 വരെയുള്ള കണക്കുപ്രകാരം ലാഭത്തിലായത്. പ്രവര്‍ത്തനനഷ്ടമുള്ളവ 20 ആയി കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജൂലൈയില്‍ 41 ഡിപ്പോകളാണ് നഷ്ടത്തിലോടിയിരുന്നത്. അതില്‍നിന്ന് 21 ഡിപ്പോകള്‍ ലാഭകരമായി. ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. നെടുങ്കണ്ടം, കുമളി, മല്ലപ്പളളി, കട്ടപ്പന, പൊന്‍കുന്നം, നിലമ്പൂര്‍, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, തലശേരി, മൂന്നാര്‍, മൂലമറ്റം, കോന്നി, പിറവം, പയ്യന്നൂര്‍, തിരുവമ്പാടി, കൂത്താട്ടുകുളം, എരുമേലി, വടകര, കൊടുങ്ങല്ലൂര്‍, ആര്യങ്കാവ് ഡിപ്പോകള്‍ നഷ്ടം കുറച്ചുകൊണ്ടുവരുന്നു.

ആളുകള്‍ കുറഞ്ഞതും വിദ്യാര്‍ഥികള്‍ക്ക് യാത്രാ പ്രശ്നമുണ്ടാക്കാത്തതുമായ ട്രിപ്പുകള്‍ റദ്ദാക്കുകയാണ് കെഎസ്ആര്‍ടിസി ആദ്യം ചെയ്തത്. ഇതിലൂടെ ഡീസല്‍, സ്പെയര്‍ പാര്‍ട്സ് ചെലവ് കുറച്ചു. ലാഭകരമായ റൂട്ടുകള്‍ കണ്ടെത്തി ഓടിക്കാനും നടപടി സ്വീകരിച്ചതും ഫലംകണ്ടു. കട്ടപ്പുറത്തായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കി. അധികജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തുകയോ പ്രയോജനപ്പെടുന്ന ഡിപ്പോകള്‍ക്ക് കൈമാറുകയോ ചെയ്തതും നേട്ടമായി.

മൂന്നു സോണുകളും നിലവില്‍ പ്രവര്‍ത്തനലാഭത്തിലാണ്. സൗത്ത് സോണ്‍ 3.59 കോടിയും സെന്‍ട്രല്‍ സോണ്‍ 1.90 കോടിയും നോര്‍ത്ത് സോണ്‍ 1.62 കോടിയും ലാഭമുണ്ടാക്കി. ദിവസ കലക്ഷന്‍ ഒമ്പതു കോടിയിലേക്ക് എത്തിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow