സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ടെലിഗ്രാമില്‍; ഫോണ്‍ നമ്പര്‍ മുതല്‍ നികുതി വിവരങ്ങള്‍ വരെ വില്‍പ്പനയ്ക്ക്
star health insurance users information on telegram from phone numbers to tax information for sale through chat bots
രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്ഥാപനമായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നിന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ടെലിഗ്രാം ചാറ്റ് ബോട്ടുകള്‍ വഴി പുറത്തായതായാണ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.
നാല് ബില്യണ്‍ ഡോളറിലധികം വിപണി മൂലധനമുള്ള സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ആര്‍ക്കും അനായാസം ടെലിഗ്രാമില്‍ നിന്ന് ലഭിക്കുമെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രാദേശിക അധികൃതര്‍ക്ക് അനധികൃത ഡാറ്റ ആക്‌സസ് ഉണ്ടെന്ന് കമ്പനി സംശയിക്കുന്നതായി കമ്പനി അറിയിച്ചു.
എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ നഷ്ടമായിട്ടില്ലെന്നും അവ സുരക്ഷിതമാണെന്നും കമ്പനി പ്രതികരിച്ചു. അതേസമയം ചാറ്റ് ബോട്ടുകളുടെ സഹായത്തോടെ ഉപഭോക്താവിന്റെ പേര്, ഫോണ്‍ നമ്പര്‍, വിലാസം, നികുതി വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍, പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചതായാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.
887 ഓഫീസുകളും 30,000ല്‍ അധികം ഹെല്‍ത്ത് കെയര്‍ പ്രൊവൈഡർമാര്‍ 718,000 ഏജന്റുമാര്‍ തുടങ്ങി ശക്തമായ വിതരണ ശൃംഖലയുമായി 2006 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് രംഗത്തെ പ്രബല സ്ഥാപനമാണ് സ്റ്റാര്‍ ഹെല്‍ത്ത്. കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗങ്ങള്‍, വ്യക്തിഗത അപകടങ്ങള്‍, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ പാക്കേജുകളില്‍ കമ്പനി ഇന്‍ഷുറന്‍സ് നല്‍കിവരുന്നുണ്ട്.
What's Your Reaction?